തിരുവനന്തപുരം: ലഹരിമാഫിയയുടെ പിടിയിലമരുകയാണ് തലസ്ഥാനം. മൂന്നാഴ്ചക്കിടെ ലഹരി സംഘം തല്ലികൊന്നത് രണ്ടു യുവാക്കളെയാണ്. പേരിന് നടത്തുന്ന പരിശോധനയല്ലാതെ പൊലീസിനോ എക്സൈസിനോ ലഹരി വിതരണ റാക്കറ്റിനെ തൊടാനാകുന്നില്ല. ഉത്തരേന്ത്യയിൽ നിന്നൊക്കെ കേൾക്കുന്ന പോലെ ആളെ തട്ടിക്കൊണ്ട് പോകുക, ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുക. തിരുവനന്തപുരത്തെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് തുടരെ ഉണ്ടാകുന്നത്.

ചിറയിൻകീഴിൽ വിഷ്ണു എന്ന യുവാവിനെ ഈ മാസം മൂന്നിന് കൊലപ്പെടുത്തിയതും. കരമന അനന്തുവിനെ കൊന്ന മാതൃകയിൽ. ഫോണിലെ വിവരങ്ങൾ ചോർത്തി എന്നതിൻറെ പേരിൽ ബംഗ്ളൂരുവിൽ നിന്നും സുഹൃത്തിൻറെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവിനെ നാട്ടിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചുകൊന്നത്. വിഷ്ണുവധത്തിൽ ഫോൺ ചോർത്തലാണ് കാരണമായി പറയുന്നതെങ്കിൽ അനന്തുവിൻറെ കൊലക്കുള്ള കാരണം ഉത്സവത്തിനിടെ ഉണ്ടായ തർക്കം. 

നിസ്സാര സംഭവങ്ങൾ പോലും ക്രൂരമായി കൊലയിലേക്ക് നയിക്കുന്നു. പ്രതികളെല്ലാം 19 നും 25 നും ഇടക്ക് പ്രായമുള്ളവർ. പ്രതികളെല്ലാം പലതരും മയക്കുമരുന്നിന് അടിമകൾ. കഴിഞ്ഞ ആറുമാസത്തിനിടെ നഗരത്തിൽ നിന്നും പൊലീസ് മാത്രം പിടിച്ചത് 291 കിലോ കഞ്ചാവും, 57 കിലോ ഹാഷിഷ് ഓയിലും. ലഹരി ഗുളികളുമുണ്ട് പിന്നെ എൽഎസ്ഡിയും. പൊലീസിൻറെ ഷാഡോ പൊലീസിൻറെയും വല്ലപ്പോഴുമുള്ള കഞ്ചാവു പിടിത്തമല്ലാതെ മാഫിയ സംഘത്തിൻറെ വേരുകണ്ടത്താനോ വിതരണ ശ്യഖലയിലെ പ്രധാന കണ്ണികളെ തൊടാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. 

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മാഫിയയുടെ കച്ചവടം. മാലിയിലേക്ക് മയക്കുമരുന്ന കടത്താനുള്ള കേന്ദ്രമായി തിരുവനന്തപുരത്തെ മാഫിയാ സംഘം മാറ്റിക്കഴിഞ്ഞു.