നാല് കോടി രൂപയുടെ മയക്കുമരുന്നുമായി യുവതി അടക്കം ഏഴ് പേർ കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ പിടിയിലായത്. കസ്റ്റംസ് പ്രിവന്‍റീവും, എക്സൈസും നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു പ്രതികൾ പിടിയിലായത്
കൊച്ചി: നാല് കോടി രൂപയുടെ മയക്കുമരുന്നുമായി യുവതി അടക്കം ഏഴ് പേർ കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ പിടിയിലായത്. കസ്റ്റംസ് പ്രിവന്‍റീവും, എക്സൈസും നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു പ്രതികൾ പിടിയിലായത്. ഉദ്യോഗസ്ഥ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വിദേശയിനം നായ്ക്കളെ കാറിൽ കയറ്റിയായിരുന്നു സംഘം കൊച്ചിയിലെത്തിയത്.സംഘത്തെ വിശദമായി ചോദ്യംചെയ്തതിന് പിന്നാലെ ഒളിപ്പിച്ച് വച്ച കൂടുതൽ മയക്കുമരുന്നു ശേഖരം പിടിച്ചെടുത്തു.
ചെന്നൈയിൽ നിന്ന് നാല് കിലോയോളം എംഡിഎഎ എന്ന മാരക മയക്കുമരുന്നുമായി ഏഴംഗ സംഘം കൊച്ചിയിൽ എത്തിയെന്ന് രഹസ്യ വിവരത്തെ തുടർന്നായിരുന്നു കസ്റ്റംസ് പ്രിവന്‍റീവ്, എക്സൈസ്ൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധന, ആഡംബര കാറുകളിൽ വിദേശയിനം നായ്ക്കളെ കാറിയിൽ കയറ്റി സ്ത്രീകളെയും മറയാക്കിയാണ് സംഘം അതിർത്തി കടന്നത്. കുടുംബമാണെന്ന് തോന്നിപ്പിച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ യാത്ര. ഇന്നലെ വൈകിട്ടോടെയാണ് കാക്കനാട്ടെ സ്വാകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്ന് ഏഴ് പേരടങ്ങുന്ന സംഘത്തെ പിടികൂടിയത്.
ഇവരിൽ നിന്ന് ഒരു കിലോയോളം എംഡിഎഎ കണ്ടെത്തി.കോഴിക്കോട് സ്വദേശി ശ്രീമോൻ ആണ് സംഘത്തിന്‍റെ തലവൻ, ഫാബാസ്, ഫാബാസിന്‍റെ ഭാര്യ ഷബ്ന, കാസർകോട്ടെ അജ്മൽ, അഫസൽ എന്നിവരടക്കമുള്ലവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്, നേരത്തെയും കൊച്ചിയിൽ മയക്കുമരുന്ന് എത്തിച്ചതായി ഇവർ വ്യക്തമാക്കി. മയക്കുമരുന്ന് സംഘം എത്തിച്ച് റോഡ്വീലർ ഇനത്തിലുള്ള മൂന്ന് നായ്ക്കളെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
