സ്ഥലത്ത് ഓടിയെത്തിയവരെയും പ്രദേശത്ത് ഉണ്ടായിരുന്നവരെയും കഴിഞ്ഞദിവസം സ്റ്റേനിൽ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഡമ്മി പരീക്ഷണം.

കണ്ണൂര്‍: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്‍റെ കൊലപാതകം പുനരാവിഷ്കരിച്ച് പൊലീസ്. സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ എത്തിച്ചും ദൃക്സാക്ഷികളുടെ സഹായത്തോടെയുമാണ് പുനരാവിഷ്കരണം നടത്തിയത്. 
സംഭവം നടന്ന കണ്ണവം ചുണ്ടയിലിനും, കൈച്ചേരിക്കും നടുവിലുള്ള വളവിൽ വച്ചാണ് പുനരാവിഷ്കരണം നടന്നത്. 

പ്രതികളെ നേരിട്ട് കണ്ട അഞ്ച് ദൃക് സാക്ഷികളും പൊലീസിനൊപ്പമുണ്ടായിരുന്നു. സ്ഥലത്ത് ഓടിയെത്തിയവരെയും പ്രദേശത്ത് ഉണ്ടായിരുന്നവരെയും കഴിഞ്ഞദിവസം സ്റ്റേനിൽ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഡമ്മി പരീക്ഷണം. കൊലപാതകം നടന്ന സ്ഥലം വളവായതിനാൽ പതുക്കെയായിരുന്നു സലാഹുദ്ദീൻ കാർ ഓടിച്ചിരുന്നത്. അതിനാലാകം കാറിന് പിന്നിൽ കൊലയാളി സംഘം ബൈക്കിടിച്ചിട്ടും പരിക്കേൽക്കാതിരുന്നത്. 

കാറിൽ നിന്ന് പുറത്തിറങ്ങിയ സലാഹുദ്ദീൻ ബൈക്കിലെത്തിയവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നി വീണ്ടും കാറി കയറാൻ ശ്രമിച്ചിരുന്നു. പക്ഷെ പതിയിരുന്ന് ഓടിയെത്തിയ കൂടുതൽ പേർ സലാഹുദ്ദീനെ കാറിൽ നിന്ന് വലിച്ചിട്ട് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലയാളികൾ ജില്ല വിട്ട് പോകാനുള്ള സാധ്യത പൊലീസ് തള്ളുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തിൽ തലശ്ശേരി , പാനൂർ മേഖലകളിൽ പൊലീസ് വ്യാപക പരിശോധന നടത്തി. കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായും , ഇവരെ എത്രയും വേഗം പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്. 

അതേസമയം പ്രദേശത്ത് വർഗീയമായി ചേരിതിരിഞ്ഞുള്ള ആക്രമണം കൂടിയ സാഹചര്യത്തിൽ രാഷ്ട്രീയ കക്ഷികൾ ജാഗ്രത കാണിക്കണമെന്ന് കളക്ട്രേറ്റിൽ ചേർന്ന് സമാധാന യോഗം ആവശ്യപ്പെട്ടു. നിലവിൽ റിമാൻഡിലുള്ള മൂന്ന് ആർഎസ്എസ് പ്രവർത്തകരെ കൂടുതൽ ചോദ്യംചെയ്യാനായി നാളെ കസ്റ്റഡിയിൽ വാങ്ങും.