കണ്ണൂ‍ർ: ഏച്ചൂരിൽ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പോസ്റ്റമോർട്ടം നടത്തിയ സർജന്‍റെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. മരിച്ച സിനോജുമായി ബന്ധമുള്ള എഴുപതിലധികം പേരെ ചോദ്യം ചെയ്തു.

ജൂണ്‍ മാസം 22നാണ് ഏച്ചൂർ മാവിലച്ചാലിലെ സിനോജിനെ മച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിൽ മർദ്ദനമേറ്റതിന്‍റെയോ, ബലപ്രയോഗം നടന്നതിന്‍റെയോ ലക്ഷണങ്ങൾ ഇല്ലായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിന്‍റെ പിൻഭാഗത്ത് ക്ഷതമേറ്റിറ്റുണ്ടെന്ന് കണ്ടെത്തി. ഇതേ തുടർന്ന് പരിയാരം മെ‍‍ഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി മൃതദേഹം കിടന്ന സ്ഥലത്ത് എത്തി പരിശോധിച്ചു. 

കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്.അന്ന് തന്നെ മരണത്തെ കുറിച്ച് ഫൊറൻസിക് വിഭാഗം സംശയങ്ങൾ പറഞ്ഞിരുന്നു. പിന്നീട് നടത്തിയ വിശകലനത്തിലാണ് സംഭവം കൊലപാതകമെന്ന് ഉറപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്‍റെ കയ്യിൽ നിന്ന് കിട്ടിയ മുടിനാര് സിനോജിന്‍റേത് തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. സിനോജിന് നാട്ടിൽ ശത്രുക്കൾ ഇല്ലെന്നാണ് വീട്ടുകാരുടെ മൊഴിയിൽ നിന്ന് പൊലീസിന് മനസ്സിലായത്. 

ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം ഇതുവരെ എഴുപതിലധികം പേരെ ചോദ്യം ചെയ്തു. സിനോജുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കുറിച്ച് പൊലീസിന് നിർണായക തളിവുകൾ കിട്ടിയെന്നാണ് സൂചന.