Asianet News MalayalamAsianet News Malayalam

ഇടമലയാർ ആനവേട്ടക്കേസ്: മുഖ്യപ്രതി തങ്കച്ചിയുടെ ഭർത്താവും മകളും ആനക്കൊമ്പ് ശിൽപ്പങ്ങളുമായി പിടിയിൽ

 കേരളത്തിൽ നിന്നാണ് ആനക്കൊമ്പ് കൊണ്ടുവന്നതെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും മൊഴി നൽകിയത്. സിലിഗുരി വഴി നേപ്പാളിലെത്തിച്ച് രാജ്യാന്തര റാക്കറ്റുകൾക്ക് വിൽക്കുകയായിരുന്നു ഇവരുടെ രീതി. 

edamalayar elephant hunt case main accuses close relatives held with one crore worth statues in kolkatha
Author
Kolkata, First Published Mar 12, 2019, 7:49 PM IST

കൊല്‍ക്കത്ത: ഇടമലയാർ ആനവേട്ടക്കേസിലെ പ്രതിയും മകളും ആനക്കൊമ്പ് ശിൽപ്പങ്ങളുമായി കൊൽക്കൊത്തയിൽ പിടിയിൽ. തിരുവനന്തപുരം സ്വദേശി സുധീഷ് ചന്ദ്രബാബുവും  മകൾ അമിതാ ബാബുവുമാണ് അറസ്റ്റിലായത്. ഇടമലയാർ ആനവേട്ടക്കേസിലെ മുഖ്യപ്രതി സിന്ധു എന്ന തങ്കച്ചിയുടെ ഭർത്താവും മകളുമാണ് ഇരുവരും.  

ഇടമലയാർ ആനവേട്ടക്കേസിൽ തിരുവനന്തപുരം സ്വദേശിനിയായ സിന്ധു എന്ന തങ്കച്ചിയാണ് മുഖ്യകണ്ണിയെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു . വർഷങ്ങളായി ഒളിവിൽക്കഴിയുന്ന ഇവർ കൊൽക്കത്ത കേന്ദ്രമാക്കിയാണ് രാജ്യാന്തര ആനക്കൊമ്പ്  കളളക്കടത്ത് നടത്തുന്നത്. തങ്കച്ചിക്കായുളള  അന്വേഷണം തുടരുന്നതിനിടെയാണ് ഭർത്താവിനെയും മകളെയും ആനക്കൊമ്പുകളുമായി കൊൽക്കത്ത ദേശീയപാതയിൽ ഡിആ‍ ഐ പിടികൂടിയത്. വാഹനത്തിൽ നിന്ന്  30 ലക്ഷം രൂപ വിലമതിക്കുന്ന മൂന്നുകിലോ ആനക്കൊമ്പ് കണ്ടെടുത്തു. 

തുടർന്ന് ഇവർ തന്നെ നൽകിയ വിവരമനുസരിച്ച് കൊൽക്കൊത്തയിലെ മറ്റൊരു കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് നിരവധി ആനക്കൊമ്പ് ശിൽപങ്ങളും മറ്റും കണ്ടെടുത്തത്. ഒരുകോടിയിൽ പരം രൂപ വിലമതിക്കുന്നതാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്ത ശില്‍പങ്ങള്‍. കേരളത്തിൽ നിന്നാണ് ആനക്കൊമ്പ് കൊണ്ടുവന്നതെന്നാണ് ചോദ്യം ചെയ്യലിൽ ഇരുവരും മൊഴി നൽകിയത്. സിലിഗുരി വഴി നേപ്പാളിലെത്തിച്ച് രാജ്യാന്തര റാക്കറ്റുകൾക്ക് വിൽക്കുകയായിരുന്നു ഇവരുടെ രീതി. 

നേപ്പാൾ അതിർത്തിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് വാഹനമടക്കം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കോട്ടയത്തുനിന്ന് മടങ്ങിയതിന്‍റെ ട്രെയിൻ ടിക്കറ്റും സുധീഷ് ചന്ദ്രബാബുവിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇടമലയാർ ആനവേട്ടക്കേസിൽ നേരത്തെ അറസ്റ്റിലായ സുധീഷ് ചന്ദ്ര ബാബു പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയിരുന്നു. ആനവേട്ടക്കേസിലെ സിബിഐയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. ഇടമലയാർ ആനവേട്ടക്കേസിനുശേഷവും കേരളത്തിലെ വനങ്ങളിൽ നിന്ന് ആനവേട്ട തുടരുന്നെന്നാണ് ഈ അറസ്റ്റു നൽകുന്ന സൂചന. 


 

Follow Us:
Download App:
  • android
  • ios