രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ എട്ട് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ട് പോയി കത്തിമുനയില്‍ ഭയപ്പെടുത്തി പീഡനത്തിനിരയാക്കി. അമ്മയോടൊപ്പം പാര്‍ക്കില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. ആരോ ഒരാള്‍ ഉറങ്ങുകയായിരുന്ന മകളെ തട്ടിക്കൊണ്ട് പോയെന്നും വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചെന്നുമാണ് അമ്മ പറയുന്നത്.

ഇതിന് ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. രാവിലെ ഇവിടെ നിന്ന് കുട്ടിയെ കണ്ടെത്തിയപ്പോള്‍ മുറിവേറ്റ നിലയിലായിരുന്നു. തുര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തി. കേസില്‍ അന്വേഷണം തുടങ്ങിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.

ഇതില്‍ നിന്ന് പ്രതിയുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തൊരലയിലെ പാര്‍ക്കില്‍ അമ്മയും മകളും ഉറങ്ങുകയായിരുന്നു. ഇവിടെ നിന്ന് കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയി വിജനമായ സ്ഥലത്ത് വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് അമ്മ പരാതി നല്‍കിയത്. പ്രതിയുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം രാജ്കോട്ട് പൊലീസ് കമ്മീഷണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.