കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ വൃദ്ധയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത പേരമകന്‍ ഒളിവിലാണ്. 

ലക്നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ എട്ടുവയസ്സുകാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഗ്രാമത്തിലെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. കനമേറിയ എന്തോ വസ്തുകൊണ്ടാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ വൃദ്ധയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത പേരമകന്‍ ഒളിവിലാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരൂവെന്ന് കസ്ഗഞ്ച് എഎസ്പി പവിത്ര മോഹന്‍ ത്രിപാഠി പറഞ്ഞു. ആസിഡ് ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കിയതെന്നും അവര്‍ വ്യക്തമാക്കി.

മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതായതായി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വൃദ്ധ താമസിക്കുന്ന വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.