ലഖ്‍നൗ: ഉത്തർപ്രദേശിൽ 10 വർഷത്തിനിടെ അൻപതിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജൂനിയർ എഞ്ചനീയർ റാം ഭവനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. ഉത്തർപ്രദേശിലെ ബന്ദയിൽ നിന്ന് ഇന്നലെയാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്ത്. ഇന്നലെ വൈകുന്നേരം  കോടതിയിൽ ഹാജരാക്കിയെങ്കിലും ഒരു ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. 

കോടതിയിൽ ഹാജരാക്കുന്ന റാം ഭവനെ സിബിഐ ഇന്ന് ട്രാൻസിറ്റ് കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്ന് ദില്ലിയിലേക്ക് കൊണ്ടു വരും. അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പത്തു വർഷത്തിനിടെ പീഡനത്തിന് ഇരയാക്കിയത്. പീഡന ദ്യശ്യങ്ങൾ പകർത്തി ഇത് ഡാർക്ക് വെബിൽ വിറ്റഴിച്ചെന്നും  സിബിഐ പറയുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ റെയിഡിൽ എട്ട് ലക്ഷം രൂപയും  ഒളി ക്യാമറകളും പിടിച്ചെടുത്തിരുന്നു.