മുംബൈ: അമ്മയെ വിഷം കൊടുത്ത് കൊന്ന ശേഷം മലയാളി എഞ്ചിനീയര്‍ ജീവനൊടുക്കി. മുംബൈയിലെ മീരാ റോഡില്‍ താമസിക്കുന്ന വെങ്കിടേശ്വര അയ്യര്‍ (42), അമ്മ മീനാക്ഷി (75) എന്നിവരാണ് മരിച്ചത്. മീനാക്ഷിക്ക് വിഷം കൊടുത്ത ശേഷം അതേ വിഷം കഴിച്ച് വെങ്കിടേശ്വര അയ്യരും മരിക്കുകയായിരുന്നു. 

ഞായറാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശരീരങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.  വെങ്കിടേശ്വര അയ്യറുടെ ലാപ്‌ടോപ്പില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മരിക്കും മുന്‍പ് ഈ ആത്മഹത്യ കുറിപ്പ് അമേരിക്കയിലെ സഹോദരിക്ക് ഇയാള്‍ ഇ-മെയില്‍ ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തങ്ങളുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ഇയാള്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മീരാ റോഡ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അയ്യരും അമ്മയും 2017 ജൂലൈയിലാണ് മീരാ റോഡിലെ മാരി ഗോള്‍ഡ് എന്ന അപ്പാര്‍ട്ട്‌മെന്‍റില്‍ താമസം തുടങ്ങിയത്. ഈ വര്‍ഷം ഏപ്രിലില്‍ കരാര്‍ കാലാവധി അവസാനിച്ചുവെങ്കിലും മൂന്ന് മാസം കൂടി നീട്ടി വാങ്ങിയിരുന്നു.

പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു അയ്യര്‍. ഇയാള്‍ വിവാഹിതനല്ല. അടുത്തിടെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വാടക നല്‍കാന്‍ പോലും സാധിച്ചിരുന്നില്ല. വിദേശജോലി ചൂണ്ടിക്കാട്ടിയാണ് അപ്പാര്‍ട്ട്‌മെന്‍റില്‍ താമസിക്കാന്‍ മൂന്ന് മാസം കൂടി കാലാവധി നീട്ടി വാങ്ങിയതെന്ന് അയല്‍ക്കാര്‍ പറയുന്നു. മൃതദേഹങ്ങള്‍ സംസ്കരിച്ചു.