നീതി വൈകുന്നതിലൂടെ ജനങ്ങൾക്ക് പൊലീസിലും കോടതിയിലുമുള്ള വിശ്വാസമാണ് നഷ്ടപ്പെടുന്നതെന്ന് നിർഭയയുടെ അമ്മ

ദില്ലി: നിര്‍ഭയക്കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ ആശാദേവി കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച് ദില്ലി പട്യാല ഹൗസ് കോടതി തിഹാര്‍ ജയിൽ അധികൃതര്‍ക്ക് നോട്ടീസ് അയച്ചു. 

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് നിരീക്ഷിച്ചാണ് 2013ൽ പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. പിന്നാലെ ദില്ലി ഹൈക്കോടതി ശിക്ഷ ശരിവച്ചു. പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചങ്കിലും അപ്പീൽ തള്ളി. എന്നിട്ടും ശിക്ഷ നടപ്പാക്കാത്ത സാഹചര്യത്തിലാണ് നിര്‍ഭയയുടെ അമ്മ കോടതിയെ സമീപിച്ചത്. 

ശിക്ഷ നടപ്പിലാക്കാൻ വൈകുന്നതിന്‍റെ കാരണം നേരിട്ട് കോടതിയെ അറിയിക്കാൻ ദില്ലി പട്യാല ഹൗസ് കോടതി തിഹാര്‍ ജയിൽ അധികൃതരോട് നിര്‍ദേശിച്ചു. നീതി വൈകുന്നതിലൂടെ ജനങ്ങൾക്ക് പൊലീസിലും കോടതിയിലുമുള്ള വിശ്വാസമാണ് നഷ്ടപ്പെടുന്നതെന്ന് നിർഭയയുടെ അമ്മ പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് നിർഭയയുടെ അമ്മ നേരത്തെ ദില്ലി വനിത കമ്മീഷനെയും സമീപിച്ചിരുന്നു. 

2012 ഡിസംബർ 16 നാണ് ദില്ലിയിൽ ബസിനുളളില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചത്. മുഖ്യപ്രതി രാംസിങ് തിഹാര്‍ ജയിലിനുള്ളിൽ ആത്മഹത്യ ചെയ്തു. കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി തടവുശിക്ഷയ്ക്ക് ശേഷം പിന്നീട് പുറത്തിറങ്ങിയിരുന്നു.