Asianet News Malayalam

വ്യാജ അഭിഭാഷക സെസി ജാമ്യമെടുക്കാനെത്തി, പിടിയിലാകുമെന്ന് മനസ്സിലായി, മുങ്ങി

രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെ ആലപ്പുഴ ബാർ അസോസിയേഷന്‍റെ പരാതിയിൽ നോർത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

fake advocate sessy xavier came to take bail in alappuzha court
Author
Alappuzha, First Published Jul 22, 2021, 3:04 PM IST
  • Facebook
  • Twitter
  • Whatsapp

ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയിൽ കീഴടങ്ങാനെത്തി. എന്നാൽ ജാമ്യം ലഭിക്കാൻ സാധ്യതയില്ല എന്ന് കണ്ടതോടെ വീണ്ടും മുങ്ങി. ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നോർത്ത് പോലീസ് കേസെടുത്തിരിക്കുന്നത് എന്നറിഞ്ഞതോടെയാണ് മുങ്ങിയത്. 

ദിവസങ്ങളായി ഒളിവിലായിരുന്ന വ്യാജ അഭിഭാഷക സെസി സേവിയർ ഇന്ന് ഉച്ചയോടെയാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായത്. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോടതിയിലെത്തിയത്. എന്നാൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ കൂടി പോലീസ് ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ വീണ്ടും മുങ്ങി. സുഹൃത്തുക്കളായ അഭിഭാഷകരാണ് യുവതിയെ ഒളിവിൽ പോകാൻ സഹായിക്കുന്നത് എന്ന് പോലീസ് പറയുന്നു.

തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഒളിവിൽ പോയ സെസിയുടെ നീക്കങ്ങളെല്ലാം അത്യന്തം നാടകീയമാണ്.  പ്രതി സംസ്ഥാനം വിട്ടെന്ന പ്രചാരണത്തിനിടെയാണ് പോലീസിനെ വെട്ടിച്ച്   യുവതി കോടതിയിലെത്തി മടങ്ങിയത്. നിയമബിരുദമില്ലാത്ത സെസി മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്‍റ് നമ്പർ ഉപയോഗിച്ചാണ് രണ്ടര വർഷം വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തത്. 

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ സെസി ഒളിവിൽ പോവുകയായിരുന്നു. ഫോൺ നമ്പർ സ്വിച്ചോഫാണ്. ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. 

മതിയായ യോഗ്യത ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച ഇവർ, അഭിഭാഷക  കമ്മീഷനായി വരെ പ്രവർത്തിച്ചിരുന്നു. ആലപ്പുഴ ബാർ അസോസിയേഷന്‍റെ പരാതിയിൽ നോർത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. മതിയായ യോഗ്യത ഇല്ലാത്ത ഇവർ ന‌ൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ കേസുകൾ വലിയ നിയമപ്രശ്ങ്ങൾ ക്ഷണിച്ചു വരുത്തിയേക്കും. 

രണ്ടര വർഷമായി കോടതിയെയും ബാർ അസോസിയേഷനെയും സെസി വഞ്ചിക്കുകയായിരുന്നു. ഇവർക്ക് മതിയായ യോഗ്യതയില്ലെന്നുള്ള അജ്ഞാതന്‍റെ കത്ത് കിട്ടിയപ്പോഴാണ്‌ സെസിയെക്കുറിച്ച് ബാർ അസോസിയേഷൻ അന്വേഷിച്ചത്. അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ഒരാൾക്ക് ബാർ അസോസിയേഷനിൽ അംഗത്വം നൽകുന്നതിന് മുൻപ് സർട്ടിഫിക്കറ്റും എൻറോൾ ചെയ്ത നമ്പരും പരിശോധിക്കാറുണ്ട്. സെസിക്ക് അംഗത്വം നൽകിയതും അങ്ങനെ തന്നെയാണ് എന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഇക്കഴിഞ്ഞ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സെസി വൻ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. സിപിഎം - സിപിഐ സംഘടനകൾ തമ്മിലെ ചേരിപ്പോരും ഇവർക്ക് തുണയായി.

ബിരുദ സർട്ടിഫിക്കറ്റുകൾ  കൃത്യമായി പരിശോധിക്കാതെ സെസി സേവ്യറിന് അംഗത്വം നൽകിയതിന്‍റെ പേരിൽ ആലപ്പുഴ ബാർ അസോസിയേഷനിൽ ഭിന്നത രൂക്ഷമാണ്. അഭിഭാഷക സംഘടനകൾ തമ്മിൽ രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. 

ആലപ്പുഴയിലെ ഈ വ്യാജ അഭിഭാഷകയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സംസ്ഥാന ബാർ കൗൺസിലും. മതിയായ യോഗ്യത ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച ഇവർ, അഭിഭാഷക  കമ്മീഷനായും ലീഗൽ സർവീസ് അതോറിറ്റിയിലും ഉൾപ്പെടെ പ്രവർത്തിച്ചത് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തൽ. അതേസമയം, കൂടുതൽ വ്യാജ അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയത്തിൽ സമഗ്ര പരിശോധന നടത്താനും കേരള ബാർ കൗൺസിൽ ആലോചിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios