Asianet News MalayalamAsianet News Malayalam

വ്യാജ ഡോക്ടര്‍ നടത്തിയത് ആയിരത്തിലേറെ ശസ്ത്രക്രിയകള്‍; ഒടുവില്‍ കുടുങ്ങിയത് സ്വന്തം പരാതിയില്‍

മംഗലാപുരത്തെ എയര്‍ഫോഴ്സ് ബേസ് ആശുപത്രിയില്‍ ജോലി പാരാമെഡിക്കല്‍ ഡിപ്പാര്‍ട്ടമെന്‍റില്‍ ജോലി ചെയ്ത പരിചയമാണ് ഓം പാലിനുള്ളത്. അവിടെനിന്ന് 2000ത്തില്‍ വിരമിച്ച ശേഷമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. 

fake doctor conducted more than 1000 surgeries, at last trapped
Author
Meerut, First Published Oct 1, 2019, 12:05 PM IST

മീററ്റ്: ഒരാള്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് 40 ലക്ഷം രൂപ തട്ടാന്‍ ശ്രമിക്കുന്നുണ്ടെന്ന പരാതിയുമായാണ് ഡോ. ആര്‍ രാജേഷ് ദേവ്ബന്ദ് പൊലീസിനെ സമീപിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിയ പൊലീസ് ഞെട്ടി. കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുകയും ആയിരത്തിലേറെ ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്ത രാജേഷ് ഡോക്ടറല്ല!. ആള്‍മാറാട്ടം നടത്തിയാണ് ഡോ. രാജേഷ് എന്ന പേരില്‍ ഓംപാല്‍(50) സര്‍ക്കാര്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കയറിക്കൂടിയത്. പിന്നീട് വിശ്വസ്തനും എല്ലാവരുടെയും പ്രിയങ്കരനുമായി തീര്‍ന്നു. 

മൈസൂരു സര്‍വകലാശാലയില്‍നിന്ന് എംബിബിഎസ് ബിരുദമെടുത്ത ആര്‍ രാജേഷ് എന്നയാളുടെ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. യഥാര്‍ത്ഥ രാജേഷ് ഇപ്പോള്‍ വിദേശത്താണ്. സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ മാറ്റിയായിരുന്നു തട്ടിപ്പ്. മംഗലാപുരത്തെ എയര്‍ഫോഴ്സ് ബേസ് ആശുപത്രിയില്‍ ജോലി പാരാമെഡിക്കല്‍ ഡിപ്പാര്‍ട്ടമെന്‍റില്‍ ജോലി ചെയ്ത പരിചയമാണ് ഓം പാലിനുള്ളത്. അവിടെനിന്ന് 2000ത്തില്‍ വിരമിച്ച ശേഷമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. എയര്‍ഫോഴ്സില്‍നിന്ന് ഇയാള്‍ പെന്‍ഷനും വാങ്ങുന്നുണ്ട്. 

ഉത്തര്‍പ്രദേശില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്ത രേഖകളും ഇയാള്‍ വ്യാജമായി നിര്‍മിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിച്ചപ്പോള്‍ ഓംപാലും കയറിക്കൂടി. പിന്നീട് കഴിഞ്ഞ 10 വര്‍ഷത്തോളമായി ദേവ്ബന്ദ് സിഎച്ച്സിയില്‍ ജോലി ചെയ്യുകയാണ്. പ്രദേശവാസികള്‍ക്ക് ഇയാളെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സ്വന്തം പരാതിയാണ് ഓംപാലിനെ കുടുക്കിയത്. തന്നെ മറ്റൊരാള്‍ ബ്ലാക്ക് മെയില്‍ ചെയ്ത് 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. പരാതി ഓം പാലിന് തന്നെ തിരിച്ചടിയാകുകയായിരുന്നു. പരാതിയില്‍ അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു. ആള്‍മാറാട്ടം നടത്തി ഇത്രയും കാലം സര്‍ക്കാര്‍ ഡോക്ടറായി വിലസിയ ഓംപാലിന് താന്‍ കുടുങ്ങുമെന്ന ധാരണയുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് മീററ്റ് പൊലീസ് അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios