ചണ്ഡീഗഡ്: പ്രണയബന്ധത്തിന്റെ പേരിൽ 19കാരിയെ കൊന്ന് അമ്മയും ബന്ധുക്കളും ചേർന്ന് കുഴിച്ചുമൂടി. ജസ്പ്രീത് കൗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബിലെ ഹോഷിയാര്‍പൂറിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അമ്മ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതികളില്‍ ഒരാളായ ഗുര്‍ദീപ് സിങ് പഞ്ചാബ് പൊലീസിലാണ് ജോലി ചെയ്യുന്നത്. ഇയാൾക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലായിരുന്നു ചുമതലയെന്ന് ഇന്ത്യാ ‍ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ജസ്പ്രീതിന് ഉറക്കഗുളികകള്‍ നല്‍കി മയക്കി കിടത്തിയശേഷം കഴുത്തുഞെരിച്ച് കൊന്നു എന്നതാണ് കേസ്. 

ഉറക്കഗുളിക നല്‍കിയത് താന്‍ ആണെന്ന് അമ്മ ബല്‍വിന്ദര്‍ പൊലീസിനോട് പറഞ്ഞു. പിന്നാലെ ഉറക്കത്തിലായ ജസ്പ്രീതിനെ കഴുത്തുഞെരിച്ച് ബന്ധുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രഹസ്യമായി മൃതദേഹം സംസ്‌കരിച്ചതായും ഇവർ പൊലീസിന് മൊഴിനൽകി.

ജസ്പ്രീത്, അമന്‍പ്രീത് സിങ് എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഇതിനെ കുടുംബം എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. മകളെ കാണാനില്ലെന്ന് കാണിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബല്‍വിന്ദര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമന്‍പ്രീത് സിങ്ങാണ് ഇതിന് പിന്നിലെന്ന് ബല്‍വിന്ദര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബന്ധുക്കള്‍  വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.