തിരുവനന്തപുരം: പോത്തൻകോട് ആടുകൾ മോഷണം പോയ സംഭവത്തിൽ പൊലിസിനെതിരെ ആരോപണവുമായി ഫാം ഉടമ. പൊലിസ് പിടികൂടിയത് യഥാർത്ഥ പ്രതികളെയല്ലെന്നാണ് ഫാം ഉടമയുടെ ആരോപണം. രണ്ട് പേരെ ആടുകളെ മോഷ്ടിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പൊലിസ് അറ്സ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ്  പോത്തൻകോട് സ്വദേശിയായ ജസ്റ്റിൻ രാജിന്റെ കാട്ടായിക്കോണത്തെ ഫാമിൽ നിന്ന് ആടുകൾ മോഷണം പോയത്. ഷീക്കോരി , ബീറ്റൽ ഇനത്തിൽപ്പെട്ട ഒരു ലക്ഷത്തിലേറെ വിലവരുന്ന ആടുകളാണ് മോഷണം പോയത്. പുലർച്ചെ രണ്ട് മണിയോടെ ഓട്ടോയിലും ബൈക്കിലുമായി എത്തിയവരാണ് മോഷണം നടത്തിയത്. 

ആടുകളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. സംഭവത്തിൽ വെള്ളായണി സ്വദേശി അജി, ആനയറ സ്വദേശി ഷാജി എന്നിവരെ പോത്തൻകോട് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അറസ്റ്റിലായവർ യഥാർത്ഥ പ്രതികളല്ലെന്നാണ്ഫാം ഉടമയായ ജസ്റ്റിൻ രാജ് പറയുന്നത്.

സംഭവത്തിൽ കൂടുതൽ പേരെ ഇനിയും പിടികൂടാനുണ്ടെന്നും ഇവർക്കായുളള അന്വേഷണം തുടരുകയാണെന്നും പോത്തംകോട് പോലിസ് അറിയിച്ചു. നഷ്ടപ്പെട്ട ആടുകളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.