ഭുവനേശ്വര്‍: അന്യജാതിയില്‍പ്പെട്ട യുവാവുമായി പ്രണയമെന്ന സംശയത്തെത്തുടര്‍ന്ന് പിതാവ് പതിനേഴുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഒഡിഷയിലെ ഗംജം ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ 19 നാണ് ഹൈവേയുടെ അരികില്‍ നിന്നും ഒഡിഷ പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടുമെന്ന ഭയത്തില്‍ പിതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ആഗസ്റ്റ് 25  നാണ് പെണ്‍കുട്ടിയെ കാണാതായത്.  അന്യ ജാതിയിലുള്ള യുവാവിനൊപ്പം പെണ്‍കുട്ടി ഓടിപ്പോയെന്നാണ് പിതാവ് കരുതിയത്. എന്നാല്‍ സെപ്റ്റംബര്‍ 15 ന് പെണ്‍കുട്ടി തിരിച്ചെത്തി. എന്നാല്‍ പെണ്‍കുട്ടിയെ വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ പിതാവ്  കൂട്ടാക്കിയില്ല.  വീട് വിട്ട് ആര്‍ക്കൊപ്പമായിരുന്നു പോയതെന്ന കാര്യം കുട്ടി വെളിപ്പെടുത്താതിരുന്നതാണ് പിതാവിനെ ചൊടിപ്പിച്ചത്. 

തുടര്‍ന്ന് ബന്ധുവിന്‍റെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.  പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ബന്ധുക്കള്‍ പെണ്‍കുട്ടിയെയും പിതാവിനെയും വിളിച്ചു. ആര്‍ക്കൊപ്പമായിരുന്നു പോയതെന്ന് ബന്ധുക്കളും പിതാവും ചോദിച്ചെങ്കിലും മകള്‍ ഇക്കാര്യം വെളിപ്പെടുത്തിയില്ല.

തുടര്‍ന്ന് ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മകളെ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ വീട്ടില്‍ വെച്ചും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പിതാവ് മകളെ കൊലപ്പെടുത്തി മൃതദേഹം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയുമായിരുന്നു.

മകളെ കാണാതായ സമയത്ത് പൊലീസില്‍ പരാതി നല്‍കാതിരുന്ന പിതാവ് പിന്നീട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് ശേഷം അജ്ഞാതന്‍ കൊലപ്പെടുത്തി എന്ന രീതിയില്‍ പരാതി നല്‍കിയതുമാണ് പൊലീസിന് സംശയം ജനിപ്പിച്ചത്. പിന്നീട്  പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.