മുംബൈ: പത്തുരൂപ നോട്ടിന് പകരം പത്തുരൂപയുടെ കോയിന്‍ നല്‍കി, മുംബൈയില്‍ യുവാവ് ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നവി മുംബൈയിലാണ് സംഭവം നടന്നത്. ബസ് കണ്ടക്ടറായ രാമേശ്വര്‍ ഐപ്പറിനാണ് കുത്തേറ്റത്. 

സംഭവത്തില്‍ പ്രതി തന്‍മയി കവ്തേക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടിക്കറ്റെടുത്ത് ബാക്കി നല്‍കിയപ്പോള്‍ പത്ത് രൂപയുടെ നോട്ടിന് പകരം പത്തുരൂപയുടെ നാണയമായിരുന്നു കണ്ടക്ടര്‍ നല്‍കിയത്. ഇയാള്‍ പത്തുരൂപയുടെ നോട്ട് തന്നെ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ നിരസിച്ചു.

തുടര്‍ന്നുണ്ടായ വഴക്കിനിടെ ഇയാള്‍ കണ്ടക്ടറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കണ്ടക്ടറെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതി മദ്യപിച്ചിരുന്നതായും കണ്ടക്ടര്‍മാരുമായി നേരത്തെയും ചില്ലറയുടെ പേരില്‍ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി.