വിശാഖപട്ടണം: കന്നഡ സിനിമാ നിർമാതാവും റിയാലിറ്റി ഷോ താരവുമായ ന്യൂടന്‍ നായിഡുവിനെ ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്ത് വച്ച് ദളിത് യുവാവിനെ ആക്രമിച്ചതിനും ആൾമാറാട്ടം നടത്തിയതിനുമാണ് അറസ്റ്റ്. കേസില്‍ ഇയാളുടെ ഭാര്യയെയും മറ്റ് 6 പേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയുടെ അനുവാദത്തോടെ വിശാഖപട്ടണത്തേക്ക് കൊണ്ടുപോകുമെന്ന് വിശാഖപട്ടണം കമ്മീഷണർ മനോജ് കുമാർ സിന്‍ഹ അറിയിച്ചു.

സുജാതനഗറിലെ വീട്ടില്‍ വച്ചാണ് ന്യൂടന്‍ ദളിത് യുവാവിനെ ആക്രമിച്ചത്. ഇതിന് പുറമോ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പി വി രമേഷാണ് എന്ന് പറഞ്ഞ് ഡോക്ടര്‍മാരോട് സംസാരിച്ചതായും താരത്തിനെതിരെ പരാതിയുണ്ട്. ന്യൂടനെയും ഭാര്യയേയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുതിര്‍ന്ന ഐഎഎസുകാരനാണെന്ന് അവകാശപ്പെട്ട് ഫോണ്‍ വിളിച്ചത്. ന്യൂടന്‍റെ വീട്ടിലെ ജോലിക്കാരനായ പി ശ്രീകാന്തിനെയാണ് ഇവര്‍ ആക്രമിച്ചതെന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. 

ഓഗസ്റ്റ് 28നായിരുന്നു ശ്രീകാന്തിനെതിരായ അതിക്രമം നടന്നത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസില്‍ പരാതിപ്പെട്ട ശ്രീകാന്തിന്‍റെ കുടുംബത്തെ വീഡിയോ കോളിലൂടെ ന്യൂടന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥാനാണെന്ന് അവകാശപ്പെട്ട് ഡോക്ടറെ വിളിച്ചതാണ് ന്യൂടനെ കുരുക്കിലാക്കിയത്. ട്രൂ കോളറില്‍ തന്‍റെ പേര് അഡീഷണല്‍ സെക്രട്ടറി എന്ന് ന്യൂടന്‍ സെറ്റ് ചെയ്തിരുന്നതായും പൊലീസ് വിശദമാക്കുന്നു.