ബെംഗളൂരു: ബംഗ്ളൂരു മയക്കുമരുന്ന് കേസിൽ സിനിമാ മേഖലയിലെ കൂടുതൽ പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസിബി നോട്ടീസ് നൽകി. രണ്ടു നടിമാർക്കാണ് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്. അതേസമയം കേസിലെ മുഖ്യപ്രതിയായ മലയാളി മുഹമ്മദ് അനൂപിന് അനിഖയെ പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശി ജിംറീൻ ആഷിയെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ ഉടൻ അറസ്റ്റ് ചെയ്യും. ഇയാളെ കസ്റ്റഡിയിൽ എടുത്തെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ വിവിധയിടങ്ങളിൽ എൻസിബി പരിശോധന നടത്തിയിരുന്നു. ഇതിൽ നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. 

കേസില്‍ രണ്ടാംപ്രതിയായ കന്നടനടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കന്നഡ സിനിമാരംഗത്തെ മുന്‍നിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. അടുത്ത സുഹൃത്തായ രവിശങ്കറിനൊപ്പം നടി ബെംഗളൂരുവിലെ വീട്ടില്‍ ഡ്രഗ് പാർട്ടി നടത്തിയെന്നും കണ്ടെത്തിയിരുന്നു. കേസിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ വിരന്‍ ഖന്ന മൂന്നും, വ്യവസായി രാഹുൽ പതിനൊന്നാം പ്രതിയുമാണ്.