Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ വനംവകുപ്പ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ മർദ്ദിച്ച വാച്ചർമാരുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

വള്ളക്കടവിൽ വനംവകുപ്പ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ വാച്ചർമാരുൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ.

Five arrested in Idukki  including forest watcher for attacking Forest Department intelligence officer
Author
Kerala, First Published Sep 17, 2020, 12:34 AM IST

ഇടുക്കി: വള്ളക്കടവിൽ വനംവകുപ്പ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ വാച്ചർമാരുൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. കഴിഞ്ഞ ജനുവരിയിലാണ് മരംമുറി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥനെയും സംഘത്തെയും സംഘം വളഞ്ഞിട്ട് മർദ്ദിച്ചത്. സിപിഎം അനുകൂലസംഘടനയിൽപ്പെട്ടവരായതുകൊണ്ട് ഇവരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

പെരിയാർ ടൈഗർ റിസർവ് വള്ളക്കടവ് റേഞ്ചിലെ സ്ഥിരം ജീവനക്കാരായ വിഷ്ണു, സതീഷ്, താൽകാലിക ജീവനക്കാരായ ബിജു, രഞ്ജിത്ത്,നാട്ടുകാരനായ അജയൻ എന്നിവരാണ് അറസ്റ്റിലായത്. വള്ളക്കടവ് റേഞ്ചിലെ അനധികൃത മരംമുറിയും, മൃഗവേട്ടയും അന്വേഷിക്കാനെത്തിയ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥനായ സുജിത്തിനെയും രണ്ട് വാച്ചർമാരെയുമാണ് സംഘം വളഞ്ഞിട്ട് മർദ്ദിച്ചത്. 

ഐഡി കാർഡ് കാണിച്ചിട്ടും മർദ്ദനം തുടർന്നു. വള്ളക്കടവ് റേഞ്ചറും, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥനെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. 

എന്നാൽ സിപിഎം അനുകൂല സംഘടനയിൽ അംഗങ്ങളായതിനാൽ മർദ്ദിച്ചവർക്കെതിരെ നടപടിയുണ്ടായില്ല. ഒടുവിൽ സിപിഐ നേതൃത്വം ഇടപെട്ടതോടെയാണ് പൊലീസ് കേസെടുക്കാൻ പോലും തയ്യാറായത്. 

എന്നാൽ അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ചു. ഒടുവിൽ സിപിഐ സംഘടനകൾ പ്രത്യക്ഷ സമരം നടത്തിയതോടെയാണ് എട്ട് മാസത്തിന് ശേഷമുള്ള അറസ്റ്റ്. കൊവിഡ് പരിശോധന പൂർത്തിയാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios