കരമന കൊലപാതകം: അഞ്ച് പേർ അറസ്റ്റില്‍; നടന്നത് ക്രൂരമായ കൊലപാതകമെന്ന് പൊലീസ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Mar 2019, 5:13 PM IST
five held for Karamana youths brutal Murder
Highlights

കരമന അനന്തു കൊലപാതകത്തിൽ അഞ്ച് പേർ പിടിയിലായെന്ന് പൊലീസ്. എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ്.

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. കിരൺ കൃഷ്ണൻ (ബാലു ), മുഹമ്മദ് റോഷൻ, അരുൺ ബാബു,
അഭിലാഷ്, രാം കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. എട്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. 

മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും ഒളിവില്‍ പോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കൊലപാതകത്തിന്‍റെ കാരണം അടക്കം വിശദമായ അന്വേഷണം കേസിൽ ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ഉത്സവത്തോട് അനുബന്ധിച്ച അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ഉൾപ്പെട്ടവര്‍ മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം നിര്‍ണ്ണായക വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം പ്രതികളിൽ ഒരാളുടെ പിറന്നാൾ ആഘോഷം രഹസ്യ കേന്ദ്രത്തിൽ വച്ച് നടന്നിരുന്നു. ഈ ആഘോഷത്തിലും മദ്യവും മയക്കുമരുന്നും എല്ലാം വിതരണം ചെയ്തിരുന്നു. പിറന്നാൾ ആഘോഷത്തിനിടയ്ക്കാണ് തൊട്ട് മുൻപത്തെ ദിവസം നടന്ന അടിപിടി കേസിൽ പ്രതികാരം ചെയ്യാൻ പ്രതികൾ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷമാണ് അനന്തുവിനെ തട്ടിക്കൊണ്ട് വരുന്നതും അതിക്രൂരമായി കൊല ചെയ്യുന്നതും എന്നും പൊലീസ് പറയുന്നു. കേസ് അന്വേഷണത്തില്‍  പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും കമ്മീഷണർ വാർത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.  യുവാവിനെ പ്രതികൾ തട്ടിക്കൊണ്ട് പോയിട്ടും കൊലപ്പെടുത്തും മുൻപ് കണ്ടെത്താൻ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്ന് വലിയ വിമര്‍ശനം ഉണ്ടായിരുന്നു.

മാര്‍ച്ച് 11 ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. 

loader