ചെന്നൈ: പീഡന പരാതിയില്‍ തമിഴ്നാട് മുന്‍ മന്ത്രിക്കെതിരെ പൊലീസ് കേസെടുത്തു. അഡയാര്‍ വനിത പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ് എഐഎഡിഎംകെ നേതാവായ എ മണികണ്ഠനെതിരെ പൊലീസ് കേസെടുത്തത്. ഒരു നടിയാണ് വിവാഹ വാഗ്ദാനം ചെയ്ത് മന്ത്രി പീഡിപ്പിച്ചു എന്ന പരാതിയുമായി രംഗത്ത് എത്തിയത്.

സംഭവത്തില്‍ പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത് ഇങ്ങനെ, അ‌ഞ്ചുവര്‍ഷമായി തന്നോട് അടുപ്പം കാണിച്ചിരുന്ന മണികണ്ഠന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. മൂന്നുതവണ ഗര്‍‍ഭിണിയായി, എല്ലാ തവണയും മണികണ്ഠന്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചു. വിവാഹത്തിന് ശേഷം കുട്ടിമതിയെന്നാണ് ഇദ്ദേഹം പറഞ്ഞത്. എന്നാല്‍ പിന്നീട് ബന്ധത്തില്‍ നിന്നും ഇയാള്‍ പിന്നോട്ട് പോവുകയുംc തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു.

തന്‍റെ ചില സ്വകാര്യ ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു. തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്ന് നടി പറയുന്നു. അതേ സമയം കേസ് എടുത്തതോടെ മണികണ്ഠന്‍ ഒളിവിലാണ് എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.

പക്ഷെ ആദ്യഘട്ടത്തില്‍ പ്രതികരിച്ച മണികണ്ഠന്‍ നടിയെ അറിയില്ലെന്നും, ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. എന്നാല്‍ കേസ് എടുത്തതിന് പിന്നാലെ മണികണ്ഠനെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.