നീമച്ച്: ജയില്‍ ചാടിയ കൊടുംകുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. മധ്യപ്രദേശിലെ നീമച്ചിലെ ജില്ലാ ജയിലില്‍ നിന്നാണ് നാലുപേര്‍ രക്ഷപ്പെട്ടത്. കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരും വിചാരണ നേരിടുന്നവരാണ് തടവുചാടിയത്. പത്തൊന്‍പതിനും ഇരുപത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ് രക്ഷപ്പെട്ടവര്‍. 

നര്‍ സിങ്, ബന്‍സിലാല്‍ ബന്‍ജാര, ദുബേലാല്‍, പങ്കജ് മോംഗിയ എന്നിവരാണ് രക്ഷപ്പെട്ട കുറ്റവാളികള്‍. ഇവരില്‍ രണ്ടുപേര്‍ രണ്ട് പേര്‍ക്ക് പത്തുവര്‍ഷം തടവിന് വിധിച്ചിട്ടുള്ളവരും മറ്റ് രണ്ട് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരുമാണ്. നര്‍ സിങ്, ബന്‍സിലാല്‍ ബന്‍ജാര എന്നിവര്‍ ഉദയ്പൂര്‍ സ്വദേശിയും, ദുബേലാല്‍ ഗോരി സ്വദേശിയും പങ്കജ് മോംഗിയ ചിറ്റോര്‍ സ്വദേശിയുമാണ്. 

മധ്യപ്രദേശ്, രാജസ്ഥാന്‍ സ്വദേശികളാണ് ജയില്‍ ചാടിയവര്‍. ഇന്ന് പുലർച്ചെയാണ് സംഭവം. വലിയ ഇരുമ്പ് വാതില്‍ അറുത്ത് മാറ്റാനും 22 മീറ്റര്‍ ഉയരമുള്ള മതില്‍ കയര്‍ ഉപയോഗിച്ച് ചാടിക്കടക്കാനും ഇവര്‍ക്ക് ജയിലിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിരീക്ഷണം. തടവുപുള്ളികള്‍ രക്ഷപ്പെട്ടതില്‍ അന്വേഷണത്തിന് തീരുമാനമായി. പ്രതികള്‍ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇവരെ പിടികൂടുന്നർക്ക് 50,000 രൂപ പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.