ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് ഇയാൾ യുവതിയെ കൂട്ടിക്കൊണ്ടുപോയതായി പൊലീസ് പറഞ്ഞു.
ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. പാര്‍ട്ടിക്കിടെ പരിചയപ്പെട്ട യുവാവ് മനോഹരമായ കാഴ്ചകൾ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് ഫ്രഞ്ച് യുവതിയെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. ജൂൺ 22 ന് ദില്ലിയിൽ നിന്ന് ഉദയ്പൂരിലെത്തിയ യുവതി നഗരത്തിലെ അംബമത പ്രദേശത്തെ ഹോട്ടലിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി ടൈഗർ ഹില്ലിനടുത്തുള്ള ദി ഗ്രീക്ക് ഫാം കഫേയിലും റെസ്ട്രോയിലും പാർട്ടിയിൽ പങ്കെടുക്കുകയും അവിടെ വെച്ച് പ്രതിയെ കണ്ടുമുട്ടുകയും ചെയ്തു.
ഹോട്ടലിലേക്ക് മടങ്ങാൻ സ്ത്രീ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും, അയാൾ അവളെ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ഫോണിൽ ചാർജ് ഇല്ലായിരുന്നതിനാൽ സഹായത്തിനായി ആരെയും വിളിക്കാൻ പോലും യുവതിക്ക് കഴിഞ്ഞില്ല. ഫ്ലാറ്റിനുള്ളിൽ കയറിയപ്പോൾ പ്രതി അവളോട് ആലിംഗനം ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചപ്പോൾ ബലാത്സംഗം ചെയ്തുവെന്നും എഫ്‌ഐആറിൽ പറയുന്നു.
ഫ്രഞ്ച് യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ജീവനക്കാരോടാണ് യുവതി പീഡന വിവരം പറഞ്ഞത്. പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ശ്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
