മൊറേന: കര്‍ഫ്യൂവിനിടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പോരിന്‍റെ ഭാഗമായി മധ്യപ്രദേശില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍. മോറേനയില്‍  ഇരുചക്രവാഹനങ്ങളിലെത്തിയ 25ഓളം യുവാക്കള്‍ വെടിയുതിര്‍ത്തു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പോരിനെ തുടര്‍ന്നാണ് സംഭവം. ബൈക്കിലെത്തിയ സംഘത്തിന്‍റെ വെടിവയ്പില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരു യുവതിക്ക് ഗുരുതരപരിക്കേറ്റു. നൂറിലധികം തവണയാണ് യുവാക്കള്‍ വെടിയുതിര്‍ത്തത്.

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്തതിന് ബൈക്കര്‍ ഗ്യാങ്ങിലെ ഒരാളെ മറ്റൊരു സംഘം ആക്രമിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു ഇത്. ഇതില്‍ പ്രതികാരമായാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവയ്പെന്നാണ് സൂചന. യുവാവിനെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഇരു സംഭവങ്ങളില്‍ പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 11 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മെയ് 15 വരെ മധ്യപ്രദേശ് സര്‍ക്കാര്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona