Asianet News MalayalamAsianet News Malayalam

തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച പെണ്‍കുട്ടി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാല്‍സംഗകുറ്റമടക്കം ചുമത്തി കേസെടുത്ത ഹൈരാബാദ് പൊലീസ്, പിന്നീട് പെൺകുട്ടി പറഞ്ഞത് കളവാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.

Girl commits suicide after filing fake complaint of rape
Author
Hyderabad, First Published Feb 25, 2021, 12:07 AM IST

ഹൈദരാബാദ്: തെലങ്കാനയില്‍ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച പെൺകുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാല്‍സംഗകുറ്റമടക്കം ചുമത്തി കേസെടുത്ത ഹൈരാബാദ് പൊലീസ്, പിന്നീട് പെൺകുട്ടി പറഞ്ഞത് കളവാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.

ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടി മാനസിക സമ്മർദ്ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. 19 വയസുകാരിയായ പെൺകുട്ടിയെ രാവിലെ ഹൈദരാബാദിലെ വീട്ടിനകത്ത് തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിനൊന്ന് മണിയോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

നഗരത്തിലെ കോളേജില്‍ ബിഫാം വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ഫെബ്രുവരി പത്തിന് വൈകിട്ട് കോളേജില്‍നിന്ന് മടങ്ങവേ ഓട്ടോഡ്രൈവര്‍ തന്നെ തട്ടിക്കൊണ്ട് പോകുകയാണെന്ന് പെൺകുട്ടി മൊബൈലിലൂടെ വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്കകം നഗരത്തിന് പുറത്തെ വിജനമായ സ്ഥലത്ത് പെൺകുട്ടിയെ അവശയായി കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തുടർന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്നവർക്കെതിരെ കൂട്ടബലാല്‍സംഗ കുറ്റമടക്കം ചുമത്തുകയും ചെയ്തു. എന്നാല്‍, അന്വേഷണം പുരോഗമിച്ചതോടെ പെൺകുട്ടി പറഞ്ഞത് കളവാണെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് ദിവസം തുടർച്ചയായി നഗരത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പെൺകുട്ടി കബളിപ്പിച്ചതാണെന്ന നിഗമനത്തില്‍ എത്തിയതെന്ന് രാച്കൊണ്ട പൊലീസ് അറിയിച്ചു.

വിശദമായ ചോദ്യം ചെയ്യലില്‍ പെൺകുട്ടി സത്യം വെളിപ്പെടുത്തിയെന്നും, വീട്ടില്‍നിന്ന് മാറി നില്‍ക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നും മുന്‍പ് താനുമായി വഴക്കുണ്ടാക്കിയ ഓട്ടോ ഡ്രൈവറർക്കെതിരെ പെൺകുട്ടി വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നെന്നും കമ്മീഷണർ പറഞ്ഞു. കേസുകൾ പിന്‍വലിച്ച പൊലീസ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ടവരോട് പരസ്യമായി മാപ്പും ചോദിച്ചു.

രാജ്യം മുഴുവന്‍ വാർത്തകളില്‍ നിറഞ്ഞ ഈ സംഭവങ്ങൾക്ക് ശേഷം പെൺകുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും ഇത് താങ്ങാനാകാതെയാണ് ആത്മഹത്യ ചെയ്തതെന്നുമാണ് അടുപ്പമുളളവർ പറയുന്നത്. പെൺകുട്ടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വ്യാജ പ്രചാരണങ്ങൾ സജീവമായിരുന്നെന്ന് പൊലീസും സമ്മതിക്കുന്നു. മൃതദേഹം നഗരത്തിലെ ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികൾക്കായി സൂക്ഷിച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios