പീരുമേട്: ഇടുക്കി പീരുമേട്ടിൽ സുഹൃത്തിനെ വീഡിയോകോള്‍ ചെയ്‍ത പെണ്‍കുട്ടി ആത്മഹത്യ ചെയ്‍തു. പീരുമേട് പള്ളിക്കുന്ന് സ്വദേശി സൗമ്യയാണ് തൂങ്ങിമരിച്ചത്. പ്രണയനൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഏലപ്പാറ സ്വദേശിയായ യുവാവ് പീരുമേട് പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്ത് ആത്മഹത്യ ചെയ്തതായി അറിയിക്കുകയായിരുന്നു.

ആത്മഹത്യ ചെയ്യുന്ന വീഡിയോയുടെ സ്ക്രീൻഷോട്ടുകളും കാണിച്ചു. ഉടനെ പൊലീസ് സംഘം പള്ളിക്കുന്നിലെ യുവതിയുടെ വീട്ടിലെത്തി. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ തുങ്ങിയ നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. അപ്പോഴാണ് അയൽവാസികളും വിവരമറിയുന്നത്. പീരുമേട് ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്ത സൗമ്യ. സൗമ്യയും ഏലപ്പാറയിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവും ഒരു വർഷത്തോളമായി അടുപ്പത്തിലായിരുന്നു.

അടുത്തിടെ ഇനി ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് യുവാവ് പറഞ്ഞു. ഇന്ന് രാവിലെ ഫോണിൽ വിളിച്ച് നേരിൽ കാണണമെന്ന് സൗമ്യ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് യുവതി വീഡിയോ കാൾ ചെയ്ത് ഫോണ്‍ ഫ്രിഡ്ജിന് മുകളിൽ വച്ച് ആത്മഹത്യ ചെയ്തത്. സൗമ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണിപ്പോൾ. യുവാവിനെ ചോദ്യം ചെയ്ത ശേഷം  വിട്ടയച്ചു.പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസ് പറയുന്നത്.