അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചോക്ലേറ്റ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 30-കാരനായ അയല്‍ക്കാരന്‍ പീഡിപ്പിച്ചു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
റായ്പൂര്‍: പഠനത്തിലെ ശ്രദ്ധ കുറവിന്‍റെയും പരീക്ഷകളിലെ തുടര്‍ച്ചയായ പരാജയത്തിന്‍റെയും കാരണം അന്വേഷിച്ച പ്രിന്‍സിപ്പാലിനോട് പീഡന വിവരം വെളിപ്പെടുത്തി പെണ്‍കുട്ടി. നാലുവര്‍ഷമായി നിരന്തരം പീഡിപ്പിക്കപ്പെടുന്നുവെന്നാണ് ഒമ്പതാം ക്ലാസുകാരി ടീച്ചറിനോട് പറഞ്ഞത്.
ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിലാണ് സംഭവം. ആറാം ക്ലാസുവരെ നന്നായി പഠിച്ചിരുന്ന പെണ്‍കുട്ടി പിന്നീട് പരീക്ഷകളില്‍ പരാജയപ്പെടാന്‍ തുടങ്ങിയതാണ് അധ്യാപകരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പാല്‍ ഇതേക്കുറിച്ച് കുട്ടിയോട് ചോദിച്ചു. ആദ്യം തുറന്നുപറയാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച് 30-കാരനായ അയല്‍ക്കാരന്‍ പീഡിപ്പിച്ചു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് നാല് വര്‍ഷത്തോളം സ്കൂള്‍ കഴിഞ്ഞ് വരുന്ന വഴി ഇയാള്‍ പീഡിപ്പിച്ചിരുന്നെന്നും ഇയാളുടെ സുഹൃത്തും തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വിവാഹിതരാണ് ഇരുവരും. ഇതിലൊരാള്‍ ബലാത്സംഗ കേസില്‍ പിടിയിലായതോടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.
