ഹൈദരാബാദ്: ഹൈദരാബാദിലെ മാദപ്പൂരിലെ പ്ലേ സ്കൂളില്‍ മൂന്നു വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. പ്ലേ സ്കൂളിലെ സഹായികളായ രണ്ടു വനിതാ ജീവനക്കാര്‍ ചേര്‍ന്നാണ് മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചത്. തൊഴിലാളികളായ നര്‍സമ്മ, പര്‍വീണ എന്നിവരാണ് പ്രതികളായ ജീവനക്കാര്‍. 

സ്വകാര്യ ഭാഗങ്ങളില്‍ കല്ല് കയറ്റിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും കുട്ടിയുടെ ദേഹം മുഴുവനും കല്ലുകള്‍ കൊണ്ടും കമ്പുകള്‍ കൊണ്ടും കുത്തി പരിക്കേല്‍പ്പിച്ച പാടുകളായിരുന്നുവെന്നും മുതിര്‍ന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ദില്ലിയില്‍ പീഡനത്തിനിടെ കൊല്ലപ്പെട്ട 23 വയസ്സുകാരി നിര്‍ഭയയ്ക്ക് നേരിടേണ്ടി വന്നതിന് സമാനമായ പീഡനമാണ് മൂന്നു വയസ്സുകാരിക്കും നേരിടേണ്ടി വന്നതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

കുട്ടിയുടെ മാതാപിതാക്കള്‍ സോഫ് വേര്‍ ഉദ്യോഗസ്ഥരാണ്. ഇവര്‍ ജോലിക്കായി പോകുന്നതിനാലാണ് പെണ്‍കുട്ടിയെ പ്ലേ സ്കൂളിലാക്കിയത്. വീട്ടിലെത്തിയ കുട്ടി പതിവില്ലാതെ ഉറക്കത്തില്‍ ഞെട്ടിയെഴുന്നേറ്റ് കരയുന്നതും, വസ്ത്രങ്ങളിലെ ചോരപ്പാടുകളും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 

കുട്ടിയെ പീഡനത്തിന് ഇരയാക്കിയവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും, ഇവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.