കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിനുകളില്‍ വന്‍ കവര്‍ച്ച. ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലുമാണ് ഇന്നലെ കവര്‍ച്ച നടന്നത്. ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലുണ്ടായ കവര്‍ച്ചയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ചെന്നൈ സ്വദേശി പൊന്നിമാരന്‍ കോഴിക്കോട് റെയിൽവേ സിഐക്ക് പരാതി നൽകിയിട്ടുണ്ട്. തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് മോഷണം നടന്നതെന്നും ഡയമണ്ടും  21 പവൻ സ്വർണവും പണവും കവർന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

മലബാർ എക്സ്പ്രസ്സിലുണ്ടായ കവര്‍ച്ചയില്‍ കാഞ്ഞങ്ങാട് സ്വദേശികളുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. വടകരയിൽ എത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. ആറ് പവൻ സ്വർണ താലി, രണ്ട് പവൻ വള, രണ്ടു മോതിരം, കമ്മൽ, മൂക്കുത്തി എന്നിവ ഉള്‍പ്പെടെ നഷ്ടപ്പെട്ടു. ഈ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന
ബാഗാണ് നഷ്ടപ്പെട്ടത്. ആകെ 9.5 പവൻ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇതോടൊപ്പം ബാഗിലുണ്ടായിരുന്ന എടിഎം കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയും നഷ്ടമായി. രണ്ട് സംഭവങ്ങളിലും ഇതുവരേയും ആരെയും പിടികൂടിയിട്ടില്ല.