പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ സ്വർണവും 16 കിലോ കഞ്ചാവും പിടികൂടി. രണ്ട് കോഴിക്കോട് സ്വദേശികള്‍ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം, തൃശ്ശൂർ സ്വദേശി കടത്തിയ കഞ്ചാവ് എന്നിവ  ആർ പി എഫ് കുറ്റാന്വേഷണ വിഭാഗമാണ് പിടികൂടിയത്.

ചെന്നൈ പാലക്കാട് എക്സ്പ്രസിൽ നിന്നാണ് ഒരു കിലോ എൺപത് ഗ്രാം സ്വർണം പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ ഹബീബ് റഹ്മാൻ, പി.ഇ മിഥുൻ എന്നിവരെയാണ് ആർ പി എഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. ഇരുവരും ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് ക്യാപ്സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ദിണ്ഡിഗലിൽ നിന്നാണ് ഇവർ തീവണ്ടിയിൽ കയറിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് സ്വർണം കേരളത്തിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. ഇവർക്ക് സ്വർണം എത്തിച്ച് നൽകിയവരെ കുറിച്ച് അന്വേഷിച്ചുവരികയാണ്.

ചെന്നൈ മംഗലാപുരം എക്സ്പ്രസ്സിൽ പാലക്കാട് ഇറങ്ങിയ യുവാവിൽ നിന്നാണ് പതിനാറ് കിലോ കഞ്ചാവ് പിടികൂടിയത്. തൃശൂർ അരണാട്ടുകര സ്വദേശി ലിബിനാണ് ആർ പി എഫിന്‍റെ പിടിയിലായത്. സേലത്ത് നിന്ന് കഞ്ചാവുമായി തീവണ്ടിയിൽ കയറിയ ലിബിൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തൃശ്ശൂരിലേക്ക് ബസ്സിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ പത്ത് ലക്ഷത്തിലേറെ രൂപ വിലവരും. ബംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയായിരുന്ന ലിബിൻ ഇതിന് മുൻപും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ കടത്തിയിട്ടുണ്ട്. ഈ വർഷം  ഒന്നര മാസത്തിനിടെ അറുപത്തി നാല് കിലോ കഞ്ചാവാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത്.