കൊച്ചി: ഗുണ്ടാ നേതാവിനെ കൊലപ്പെടുത്താൻ തമിഴ്നാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ എത്തിച്ച സംഭവത്തിൽ മുഖ്യ പ്രതിയടക്കം രണ്ട് പേർ കൂടി കൊച്ചിയിൽ പിടിയിൽ. ആലുവ സ്വദേശി ലിയാഖത്ത് അലി, കൂട്ടാളി ദിലീപ് എന്നിവരാണ് സംസ്ഥാന ഭീകര വിരുദ്ധ സംഘത്തിന്‍റെ പിടിയിലായത്. പെരുന്പാവൂരിലെ ഗുണ്ടാ നേതാവ് അനസിനെ കൊലപ്പെടുത്താനായിരുന്നു ക്വട്ടേഷൻ നൽകിയത്.

ഇക്കഴിഞ്ഞ മാർച്ച് ആറിന് ചെറായി ബിച്ചിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ഏഴംഗ സംഘം ആയുധങ്ങൾ സഹിതം പിടിയിലായതോടെയാണ് ഗുണ്ടാ കുടിപ്പകയും ക്വട്ടേഷൻ വിവരങ്ങളും പുറത്ത് വന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും പെരുമ്പാവൂരിലെ ഗുണ്ടാ നേതാവുമായ അനസിനെ കൊലപ്പെടുത്താന്‍ എത്തിയതായിരുന്നു ഇവർ. 35 ലക്ഷം രൂപയുടെ ക്വട്ടേഷൻ ഉറപ്പിച്ച് ലിയാഖത്ത് അലിയാണ് തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗ്യാംങ്‍വാർ സംഘത്തെ കൊച്ചിയിലെത്തിച്ചത്.

മുൻകൂർ ആയി മൂന്ന് ലക്ഷം രൂപയും നൽകി. എന്നാൽ പറഞ്ഞുറപ്പിച്ച തുക പോരെന്നും കൂടുതൽ തുക വേണമെന്നും തമിഴ്നാട്ടിൽ നിന്നെത്തിയ സംഘം ആവശ്യപ്പെട്ടു. ഈ തുക പൂർണ്ണമായി കിട്ടാതെ ക്വട്ടേഷൻ നടപ്പാക്കാനാകില്ലെന്ന് സംഘം വാശിപിടിച്ചതോടെ ലിയാഖത്ത് അലിയുടെ സംഘവും കൊലപാതകം നടത്താനെത്തിയവരും തമ്മിൽ തർക്കമായി. ഇതിനിടെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ക്വട്ടേഷൻ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. 

തുടർന്ന് പോലീസ് ഹോം സ്റ്റേയിലെത്തി പ്രതികളെ പിടികൂടി. ഇവർ നൽകിയ മൊഴിയാണ് ഗുണ്ടാ കുടിപ്പകയിലേക്ക് അന്വേഷണം എത്തിച്ചത്. ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മറ്റൊരു ഗുണ്ടാ സംഘമാണ് ലിയാഖത്ത് അലിയുടേത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലിയാഖത്ത്. ലിയാഖത്തിന്‍റെ സംഘത്തിന് പെരുമ്പാവൂർ അനസുമായി നിരവധി പ്രശനങ്ങളുണ്ട്. ഈ തർക്കങ്ങളാണ് ക്വട്ടേഷൻ നൽകാനുള്ള കാരണം. ലിയാഖത്ത് അലിയെ സംസ്ഥാന ഭീകരവിരുദ്ധ സംഘം വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ സാഹായി ദിലീപാണ് അറസ്റ്റിലായ മറ്റൊരാൾ. കേസിൽ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്.