Asianet News MalayalamAsianet News Malayalam

തൃശ്ശൂരിൽ മൂന്നിടത്ത് ഗുണ്ടകൾ തമ്മിൽ സംഘർഷം; 2 പേർ കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

എല്ലാ സംഭവങ്ങളും വൈകിട്ടാണ് നടന്നത്. മണ്ണുത്തി മുളയം സ്വദേശി വിശ്വജിത്ത്, നെടുപുഴ സ്വദേശി കരുണാമയി എന്നിവരാണ് കൊല്ലപ്പെട്ടത്. അന്തിക്കാട് സ്വദേശി നിമേഷിനാണ് ഗുരുതരമായി പരിക്കേറ്റത്

Goons clash at Thrissur 2 killed two injured kgn
Author
First Published Aug 30, 2023, 9:24 PM IST

തൃശൂരിൽ ഗൂണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നിടത്തായി നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് കൊലപാതകങ്ങൾ നടന്നത്. എല്ലാ സംഭവങ്ങളും വൈകിട്ടാണ് നടന്നത്. മണ്ണുത്തി മുളയം സ്വദേശി വിശ്വജിത്ത്, നെടുപുഴ സ്വദേശി കരുണാമയി എന്നിവരാണ് കൊല്ലപ്പെട്ടത്. അന്തിക്കാട് സ്വദേശി നിമേഷിനാണ് ഗുരുതരമായി പരിക്കേറ്റത്.

മൂന്നു സംഭവങ്ങളും ഇന്ന് വൈകിട്ട് നാലുമണിക്ക് ശേഷമാണ് നടന്നത്. കരുണാമയിയെ അപകടത്തിൽ പെട്ടെന്ന് പറഞ്ഞ് 4 മണിയോടെ മൂന്നുപേർ വാഹനത്തിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മടങ്ങി. ആശുപത്രിയിൽ നടന്ന പരിശോധനയിൽ കരുണാമയി കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് 24 കാരനായ കരുണാമയി. പ്രതികൾക്കായി നെടുപുഴ പൊലീസ് അന്വേഷണം തുടങ്ങി.

മണ്ണുത്തി മൂർഖനിക്കരയിലാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. കുമ്മാട്ടി ആഘോഷത്തിനിടെയാണ് മുളയം സ്വദേശി അഖിൽ (28) കൊല്ലപ്പെട്ടത്. ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നടന്ന കൊലപാതകമെന്നാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്ന വിവരം. വിശ്വജിത്ത് - ബ്രഹ്മജിത്ത് എന്നീ ഇരട്ട സഹോദരങ്ങളാണ് പ്രതികൾ. ഇവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.

ഇതിന് പിന്നാലെയാണ് അന്തിക്കാട് മൂന്നാമത്തെ സംഭവം നടന്നത്. നിമേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഹിരത്ത് എന്നയാൾക്കും പരിക്കുണ്ട്. നിമേഷും ഷിഹാബും ചേർന്ന് ഹിരത്തിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഹിരത്ത് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് നിമേഷിനെ കുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios