ചെങ്ങന്നൂർ: സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന വിധത്തിൽ പൊതുവഴിയടച്ച് റോഡ് നിർമ്മാണം നടത്തുന്നത് തടയാനെത്തിയ പഞ്ചായത്തംഗത്തെ റിട്ട. ഡെപ്യൂട്ടിതഹസിൽദാർ വെട്ടി പരിക്കേൽപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആലാ ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് അംഗം വടക്കേ ചരുവിൽ വീട്ടിൽ വി.എൻ.സജികുമാർ(40) നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒരു മണിയ്ക്കാണ് സംഭവം നടന്നത്. തടത്തിൽപ്പടി - മോടിയിൽ റോഡിന്റെ ഒരു ഭാഗം അടച്ച് നിർമ്മാണം നടത്തുന്നതായി നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സജി സ്ഥലത്ത് എത്തിയത്. നേരത്തെ ഇവിടെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തർക്കത്തിനിടയിൽ റിട്ടയേർഡ് ഡപ്യൂട്ടി തഹസിൽദാർ കൂടിയായ മോടിയിൽ രാമകൃഷ്ണൻ വടിവാൾ കൊണ്ട് സജിയുടെ തലയ്ക്ക് വെട്ടുകയും, ഇയാളുടെ അനന്തിരവൻ നിഖിൽ കമ്പിവടി കൊണ്ട് സജിയുടെ കൈയ്ക്ക് അടിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ബഹളം കേട്ട് ഓടിയെത്തിയവരാണ് സജിയെ ചെങ്ങന്നൂർ ഗവ: ആശുപത്രിയിൽ എത്തിച്ചത്.

പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ സജിയെ വിദഗ്ധ പരിശോധനക്കു ചെങ്ങന്നൂർ ഗവ: ആശുപത്രിയിലേക്ക് കൊണ്ടുവന്നു. തലയ്ക്ക് മുറിവേറ്റിടത്ത് എട്ട് തുന്നൽ ഉണ്ട്. വലത് കൈക്കും പരിക്കുണ്ട്.