ചെന്നൈ: തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍. ചെന്നൈയിലെ തിരുവാരൂരിലാണ് സംഭവം അരങ്ങേറിയത്. പതിമൂന്നും, പതിനാലും വയസുള്ള രണ്ട് പെണ്‍കുട്ടികളെയാണ് വിജയലക്ഷ്മി എന്ന മുത്തശ്ശി വിറ്റത് എന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ അറിയാതെയായിരുന്നു കച്ചവടം. കുട്ടികളുടെ പിതാവ് കൂലിതൊഴിലാളിയും, അമ്മ മാനസിക പ്രശ്നങ്ങള്‍ ഉള്ള സ്ത്രീയുമാണ്.

പെണ്‍കുട്ടികളെ സാമ്പത്തിക പ്രയാസത്താലാണ് വിറ്റത് എന്ന് ഇവര്‍ മൊഴി നല്‍കിയതായി തിരിുവാരൂര്‍ എസ്.പി എം ദുരൈ പറയുന്നു. പെണ്‍കുട്ടികളെ പൊലീസ് തിരുപ്പൂരിലെ ഒരു ഫാക്ടറിയില്‍ കണ്ടെത്തി. ഇവരെ ചൈല്‍ഡ് ലൈനിന് ഏല്‍പ്പിച്ചിട്ടുണ്ട്.  നവംബര്‍ 20ന് കുട്ടികളെ കാണാതാകുകയായിരുന്നു. ഇടനിലക്കാരന്‍ മുഖേന ഒരോ കുട്ടിക്കും 10000 രൂപ വീതം ലഭിച്ചിരുന്നു. പിന്നീട് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് വിജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ബാലവേല നിയമപ്രകാരം മുത്തശ്ശിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.