തിരൂര്‍: ആലത്തിയൂരില്‍ ലക്ഷങ്ങളുടെ നിരോധിത പാൻ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 60 ചാക്കുകളിലായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 1500 കിലോ പാൻ ഉല്‍പ്പന്നങ്ങളാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 

രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നാണ് എക്സൈസ് അധികൃതര്‍ ഗോഡൗണില്‍ പരിശോധന നടത്തിയത്. ആലത്തിയൂരിലെ അടച്ചിട്ട ഗോഡൗണിലാണ് നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. 

വ്യാപാരി ഷരീഫ് എന്നയാള്‍ വാടകയ്ക്കെടുത്തതാണ് കെട്ടിടം. ഇയാള്‍ക്കെതിരെ എക്സൈസ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാത്രിയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കെട്ടിടത്തിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് അയല്‍വാസികള്‍ വിവരം നല്‍കിയിട്ടുണ്ട്. 

ചില്ലറ വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്നതാണ് പാൻ ഉല്‍പ്പന്നങ്ങള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നേരത്തേയും ക്വിന്‍റല്‍ കണക്കിന് നിരോധിത പാൻ ഉത്പ്പന്നങ്ങള്‍ തിരൂരിലേക്ക് കൊണ്ടുവന്നിരുന്നു. തീവണ്ടി മാര്‍ഗം കൊണ്ടുവരുന്ന പാൻ ഉത്പ്പന്നങ്ങള്‍ മൊത്തമായും ചില്ലറിയായും വില്‍ക്കാൻ തിരൂര്‍ കേന്ദ്രീകരിച്ച് വൻ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.