ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച യുവതിയുടെ മൃതദേഹം സംസ്കരിച്ചു. പുലർച്ചെയോടെയാണ് സംസ്കാരം നടന്നത്. പൊലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്കാരത്തിനായി കൊണ്ട് പോകുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ ആരോപിച്ചു. എന്നാൽ കുടുംബത്തിന്റെ സമ്മതത്തോടെയാണ് സംസ്കാരം നടന്നെതന്നാണ് പൊലീസിന്റെ വിശദീകരണം.

ഇന്നലെ രാവിലെയോടെ ദില്ലിയിലെ സഫ്ദജംഗ് ആശുപത്രിയിൽ നിന്ന് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

മൃതശരീരവുമായി ദില്ലി നഗരത്തിനുള്ളിൽ പ്രതിഷേധം നടത്താനുള്ള നീക്കം മുന്നിൽ കണ്ടാണ് ആശുപത്രിയിൽ വച്ച് കൈമാറാതെയിരുന്നതെന്നാണ് ദില്ലി പൊലിസിലെ ഉന്നത ഉദ്യോഗസ്ഥൻ നൽകുന്ന വിവരം. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ദില്ലിയടക്കം വിവിധ സ്ഥലങ്ങളിൽ യുപി സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഇന്നലെ നടന്നത്