പാലക്കാട്: കഞ്ചിക്കോട് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ അക്രമി കൊന്നത് ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായിട്ടാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് സ്വദേശി പി എം ജോണിനെയാണ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസാണ് പുറത്ത് വിട്ടത്. 

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കഞ്ചിക്കോട് 'ആതുരാശ്രമം' എന്ന പേരിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിന്‍റെ പുറക് വശത്തെ മതിൽ ചാടി കടന്നാണ് പ്രതി അകത്ത് കയറിയത്. സംഭവം ശ്രദ്ധയിൽ പെട്ട സുരക്ഷ ജീവനക്കാരൻ ജോൺ ഇയാളെ തടയുകയും തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. നാൽപ്പതോളം വയസ്സ് പ്രായമുള്ളയാളാണ് മതിൽ ചാടിക്കടന്ന് വന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. പിന്നീട് ജോണിന്‍റെ കയ്യിൽ ഉണ്ടായിരുന്ന ഇരുമ്പ് വടി തട്ടിപ്പറിച്ചെടുത്താണ് പ്രതി തലയ്ക്ക് അടിച്ച്  കൊലപ്പെടുത്തിയത്. ഈ സമയം 13 അന്തേവാസികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. ഇവരാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണിനെ ജില്ലാ ആശുപത്രിയിൽ കൊണ്ട് പോയത്.  

കൊല്ലപ്പെട്ട 69 വയസ്സുകാരൻ ജോൺ രണ്ട് വർഷമായി ഇതേ ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പ്രതി എന്തിനാണ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയതെന്ന് വ്യക്തമായിട്ടില്ല. ഇയാൾ ഹോസ്റ്റലിന് ചുറ്റുവട്ടത്തായി താമസിക്കുന്നയാളായിരിക്കുമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ജോണിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.