ബെംഗളൂരു: എട്ടു ലക്ഷത്തോളം രൂപവിലമതിക്കുന്ന സ്വർണ്ണ, വജ്രാഭരണങ്ങൾ കവർന്ന വീട്ടുജോലിക്കാരി പിടിയിലായി. ബെംഗളൂരുവിലെ ലാങ്ഫോർഡ് ഗാർഡനിലെ വീട്ടിൽ ജോലിക്കുനിന്നിരുന്ന മമത എന്ന യുവതിയാണ് അറസ്റ്റിലായത്. കെങ്കേരിയിലെ വാടകവീട്ടിൽ നിന്നാണ് അശോക് നഗർ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

മോഷണത്തിനു ശേഷം ഒളിവിൽ പോയ യുവതിയുടെ ഫോൺകാളുകളെ പിന്തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. നാലു ലക്ഷം രൂപയുടെ സ്വർണ്ണം യുവതി കുടകിലെ ഒരു ഫിനാൻസ് കമ്പനിയിൽ പണയം വെച്ചിരുന്നുവെന്നും അറസ്റ്റ് ചെയ്യുന്ന സമയത്ത് മോഷണം പോയ വജ്രകമ്മലുകളായിരുന്നു യുവതി ധരിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. മോഷണം പോയ സ്വർണ്ണാഭരണങ്ങൾ മുഴുവൻ വീണ്ടെടുത്തതായും പൊലീസ് പറഞ്ഞു.