രാവിലെ ആറരയോടെയായിരുന്നു സംഭവം. മുരുകനും സുലോചനയും തമ്മില്‍ കഴിഞ്ഞ കുറേ കാലമായി വഴക്ക് പതിവായിരുന്നു. പോലീസില്‍ പരാതിയും നല്‍കിയിരുന്നു. 

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചു. രണ്ട് കൈക്കും ഗുരുതരമായി പരിക്കേറ്റ കാട്ടാക്കട കഞ്ചിയൂര്‍ക്കോണം സ്വദേശി സുലോചന തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സയിലാണ്. ഭര്‍ത്താവ് മുരുകന്‍ പോലീസില്‍ കീഴടങ്ങി.

രാവിലെ ആറരയോടെയായിരുന്നു സംഭവം. മുരുകനും സുലോചനയും തമ്മില്‍ കഴിഞ്ഞ കുറേ കാലമായി വഴക്ക് പതിവായിരുന്നു. പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ട് പേരും രണ്ട് വീടുകളിലായിരുന്നു താമസം. മുരുകന്‍ മകളുടെ കൂടെ. ഇടയ്ക്ക് സുലോചന താമസിക്കുന്ന വീട്ടില്‍ വന്ന് പോകാറുമുണ്ട്.

രാവിലെ ആറുമണിയോടെ സുലോചന താമസിക്കുന്ന വീടിന് പുറത്ത് ഭര്‍ത്താവ് മുരുകന്‍ ഒളിച്ച് നിന്നു. സുലോചന പുറത്തിറങ്ങിയ ഉടന്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തി. ആ സമയം വലിയ പരിക്കേറ്റിരുന്നില്ല. ഭയന്ന് വീട്ടിനകത്തേക്ക് ഓടിയ സുലോചന ഒരു വെട്ടുകത്തിയെടുത്ത് പുറത്തേക്കിറങ്ങി. ഇതോടെ ഈ വെട്ടികത്തി പിടിച്ചുവാങ്ങിയ മുരുകന്‍ ഭാര്യയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. 

രണ്ട് കൈക്കും ആഴത്തില്‍ വെട്ടേറ്റു. വെട്ടേറ്റ സുലോചന റോഡിലൂടെ ഇറങ്ങിയോടി. നാട്ടുകാര്‍ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുലോചനയുടെ ഒരു കൈയ്ക്ക് ശസ്ത്രക്രിയ നടത്തി. ഭര്‍ത്താവ് മുരുകന്‍ അധികം വൈകാതെ പോലീസില്‍ കീഴടങ്ങുകയും ചെയ്തു. പോലീസ് സംഭവത്തിന്‍റെ വിശദാംശം അന്വേഷിച്ച് വരികയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona