സോനബദ്ര: ഇരുപത്തിമൂന്നുകാരിയെ  ഭര്‍ത്താവ് തലയറുത്ത് കൊലപ്പെടുത്തിയത് മതപരിവര്‍ത്തനത്തിന് വഴങ്ങാത്തതിനാലാണെന്ന് പൊലീസ്. ഉത്തര്‍ പ്രദേശിലെ സോനബദ്രയില്‍ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും സംഭവത്തില്‍ ബന്ധപ്പെട്ട ചിലരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സോനബദ്ര ജില്ലയിലെ ചോപ്പന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രീത് നഗറിന് അടുത്തുള്ള കാടിന്‍റെ പ്രാന്ത പ്രദേശത്ത് തല അറുത്തുമാറ്റിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഈ മൃതദേഹം ആരുടെതാണ് എന്ന് അറിയാന്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ശ്രമിച്ചു. വിവരം സോഷ്യല്‍ മീഡിയയിലും ഇട്ടിരുന്നു.

തുടര്‍ന്ന് ചൊവ്വാഴ്ച പ്രീത് നഗറിലെ ലക്ഷ്മി നാരായണ്‍ എന്ന വ്യക്തി ഇത് തന്‍റെ മകള്‍ പ്രിയ സോണിയാണ് എന്ന് തിരിച്ചറിഞ്ഞു. വസ്ത്രവും മറ്റും വച്ചാണ് ഇയാള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതിന് പുറമേ തന്‍റെ അനുവാദം ഇല്ലാതെ പ്രിയ ഒന്നര മാസം മുന്‍പ് ഇജാസ് അഹമ്മദ് എന്ന വ്യക്തിയെ വിവാഹം കഴിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കി.  ഇജാസ് അഹമ്മദ് മകളെ മതം മാറുവാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും ലക്ഷ്മി നാരായണ്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് കൊല്ലപ്പെട്ട യുവതിയുടെ പരാതിയില്‍ ഇജാസിനെ പിടികൂടാന്‍ സോനബദ്ര എസ്.പിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക പൊലീസ് സംഘം ഉണ്ടാക്കുകയും. ഇയാളെ ബഗ്ഗാ നാല പാലില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ പിടികൂടുകയും ചെയ്തു.

സോനബദ്ര എസ്.പി ആഷീഷ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞത് പ്രകാരം, വിവാഹത്തിന് ശേഷം കഴിഞ്ഞ കുറച്ചു നാളുകളായി ഇയാള്‍ ഭാര്യയെ ഓബ്റ പ്രദേശത്തെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പ്രിയ തയ്യാറാകാതയപ്പോള്‍ സുഹൃത്ത് ഷോഹെയ്ബിന്‍റെ സഹായത്തോടെ ഇജാസ് പ്രിയയെ വനപ്രദേശത്ത് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം അടക്കമുള്ളവ ചേര്‍ത്താണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത് എന്നും പൊലീസ് പറയുന്നു.