ബെല്ലാരിയിൽ യുവാവ് ഭാര്യയെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി പിന്നീട് പൊലീസിൽ കീഴടങ്ങി.

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ഭാര്യയെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഉറങ്ങി കിടക്കുമ്പോൾ ഇരുവരെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസിൽ കീഴടങ്ങി.

വ്യാഴാഴ്ച രാത്രി രാജേശ്വരിയും കുഞ്ഞും ഉറങ്ങിക്കിടക്കുമ്പോഴാണ് ഭർത്താവ് ഹൊന്നൂർ സ്വാമി വലിയ ചുറ്റിക ഉപയോഗിച്ച് ഇരുവരെയും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ സംശയിച്ചാണ് ഇയാൾ ഈ ക്രൂരത ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 5 വർഷം മുമ്പ് വിവാഹിതരായ ഇവർ തമ്മിൽ ഇതേച്ചൊല്ലി നിരന്തരം വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു പ്രതി.

പിന്നീട് ഭാര്യയുടെ പ്രകോപിതരായ ബന്ധുക്കൾ ആക്രമിക്കുമെന്ന് ഭയന്ന് ബല്ലാരി എ പി എം സി പൊലീസ് സ്റ്റേഷനിലെത്തി ഹൊന്നൂർ സ്വാമി കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. രാജേശ്വരിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ വലിയ രീതിയിലുള്ള പ്രതിഷേധം നടത്തി.

വിവാഹം കഴിഞ്ഞ നാൾ മുതൽ ഹൊന്നൂർ സ്വാമി സ്ത്രീധനം ആവശ്യപ്പെട്ടും സംശയത്തിന്റെ പേരിലും രാജേശ്വരിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ദമ്പതിമാർക്ക് രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നുവെങ്കിലും സംഭവം നടക്കുമ്പോൾ മറ്റൊരു വീട്ടിലായിരുന്നതിനാൽ ഇരുവരും രക്ഷപ്പെട്ടു.

YouTube video player