ചൂതാട്ടത്തില്‍ ഭാര്യയെ പണയം വച്ച്, അവരെ പലര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിട്ട് നല്‍കി ഭര്‍ത്താവ്. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. മറ്റ് പലര്‍ക്കൊപ്പം ഭാര്യയെ ലൈംഗിക ബന്ധത്തിനായി ഭീഷണിപ്പെടുത്തി അയച്ചതിന് ശേഷം വീണ്ടും പോകാന്‍ ആവശ്യപ്പെട്ടത് എതിര്‍ത്തതോടെ ഭാര്യയെ ആസിഡ് ഒഴിച്ചു് പൊള്ളിക്കുകയും ചെയ്ത ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  പീഡന വിവരവും പൊള്ളലേറ്റ വിവരം മറ്റുള്ളവര്‍ അറിയാതിരിക്കാനായി ഭാര്യയെ വീട്ടുതടങ്കലിലും വച്ചു ഇയാള്‍. 

ആസിഡ് ഒഴിച്ചത് ഭാര്യയെ ശുദ്ധീകരിക്കാനാണ് എന്നാണ് ഇയാള്‍ പറയുന്നത്. മുപ്പതുകാരി ഇയാളുടെ വീട്ടില്‍ നിന്ന് പുറത്ത് കടന്നതോടെയാണ് ക്രൂരമായ സംഭവം പുറത്ത് അറിയുന്നത്. സോനു ഹരിജന്‍ എന്നയാളാണ് ക്രൂരമായ സംഭവങ്ങള്‍ക്ക് പിന്നില്‍. ഇയാളെ ഞായറാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു. മൊസാദിപൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഒരുമാസത്തിന് മുന്‍പാണ് ഇയാള്‍ ഭാര്യയെ പണയപ്പെടുത്തി ചൂതാടിയത്. 

ഒരുമാസത്തേക്ക് ഭാര്യയെ വിട്ടുനല്‍കാമെന്നതായിരുന്നു പന്തയം. എന്നാല്‍ ഭീഷണി വഴങ്ങി മൂന്ന് തവണ പോയ ഭാര്യ തുടര്‍ന്ന് പോകാന്‍ വിസമ്മതിച്ചതോടെയാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. ഭാര്യയെ ചൂതാട്ടത്തില്‍ തോറ്റതായി സോനു പൊലീസിനോട് സമ്മതിച്ചു. പൊള്ളലേറ്റ മരുമകളെ വീട്ടുതടങ്കലിലാക്കാന്‍ സോനുവിന്‍റെ രക്ഷിതാക്കളും കൂട്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ലോധിപൂരിലുള്ള പിതാവിന്‍റെ വീട്ടിലെത്തിയതാണ് യുവതിക്ക് രക്ഷയായത്.