ഇടമലയാര്‍: ഇടമലയാ‌ർ ആനവേട്ട കേസിലെ മുഖ്യപ്രതികളിലൊരാളായ തങ്കച്ചി എന്നു വിളിക്കുന്ന സിന്ധുവിനെയും മകൻ അജീഷിനേയും കോതമംഗലം കോടതിയിൽ ഹാജരാക്കി. അജീഷിനെ കോടതി 10 ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. സിന്ധുവിന് കൊൽക്കത്ത അലിപ്പൂർ കോടതി ഏപ്രിൽ 23 വരെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഇടമലയാർ ആനവേട്ടക്കേസിലെ മുഖ്യപ്രതി തങ്കച്ചി എന്ന് വിളിക്കുന്ന സിന്ധുവിനേയും കേസിലെ നാൽപ്പത്തിയാറാം പ്രതിയും സിന്ധുവിന്റെ മകനുമായ അജീഷിനെയുമാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ഇടമലയാർ‌ തുണ്ടം റേഞ്ചിൽ രജിസ്റ്റ‌ർ ചെയ്ത ആനവേട്ട കേസിലെ നാൽപ്പത്തിയാറാം പ്രതിയാണ് തങ്കച്ചി. 

കേരളത്തിൽ നിന്നുൾപ്പെടെ വേട്ടയാടുന്ന ആനകളുടെ കൊന്പുപയോഗിച്ച് ശിൽപ്പങ്ങൾ ഉണ്ടാക്കി വിദേശത്തേക്ക് കടത്തുകയായിരുന്നു ഇവരുടെ രീതി. ആനവേട്ടയുമായി ബന്ധപ്പെട്ട് നിലവിൽ 18 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഒളിവിൽ പോയി അഞ്ച് വർഷത്തിന് ശേഷമാണ് പ്രതി അജീഷിനെ വനംവകുപ്പ് കസ്റ്റ‍ഡിയിൽ എടുക്കുന്നത്. 

തിരുവനന്തപുരത്തെ പഞ്ചനക്ഷത്രഹോട്ടലിൽ നിന്നുമാണ് കഴി‍ഞ്ഞ ദിവസം അജീഷിനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ അജീഷിനെ 10 ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു.കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

തങ്കച്ചി എന്ന സിന്ധുവിനെ കൊൽക്കത്തയിൽ നിന്നുമാണ് വനംവകുപ്പ് പിടികൂടിയത്. കൊൽക്കത്ത അലിപ്പൂർ കോടതിയിൽ വനംവകുപ്പ് ഹാജരാക്കിയ തങ്കച്ചിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിൽ 23 ന് കോതമംഗലം കോടതിയിൽ ഹാജരാകണമെന്നായിരുന്നു ഉപാധി. ഏപ്രിൽ 23 വരെ സമയമുണ്ടെങ്കിലും മകനും ഭർത്താവും അറസ്റ്റിലായ സാഹചര്യത്തിലാണ് ഹാജരായതെന്ന് തങ്കച്ചി കോടതിയെ അറിയിച്ചു.

ഇടമലയാ‌ർ ആനവേട്ട കേസിനു ശേഷവും കേരളത്തിലെ വനങ്ങളിൽ നിന്ന് വൻതോതിൽ ആനക്കൊന്പ് കടത്തിയിരുന്നതായാണ് വനംവകുപ്പ് കരുതുന്നത്. കൊൽക്കത്തയിൽ പിടിയിലായ സുധീഷ് ചന്ദ്ര ബാബുവിൽ നിന്നും ആനക്കൊന്പും ആനക്കൊന്പ് ശിൽപ്പങ്ങളും പിടികൂടിയിരുന്നു. ഒപ്പം കോട്ടയത്ത് വന്നു പോയതിൻറെ ട്രെയിൽ ടിക്കറ്റും ഡിആർഐക്ക് ലഭിച്ചിരുന്നു. ഇയാളെ അടുത്ത ദിവസം കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യും.