ദില്ലി: ദില്ലിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതിക്കിടെ ഐഎസ് ഭീകരൻ പിടിയിലായ സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിന് വീഴ്ച്ചയെന്ന് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിലെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ദില്ലിയിലെ ജനത്തിരക്കുള്ള മേഖലകളിൽ പ്രഷർകുക്കർ ബോംബുകൾ സ്ഥാപിച്ച് ആക്രമണത്തിന് ലക്ഷ്യമിടുന്നതിനിടെയാണ് ഉത്തർപ്രദേശിലെ ബൽറാംപൂർ സ്വദേശിയായ അബു യൂസഫ് പിടിയിലാകുന്നത്.

ആക്രമണത്തിനെത്തിയ അബു യൂസഫിനെ ഏറ്റുമുട്ടലിനു ശേഷമാണ് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്യുന്നത്. ഐഎസിന്റെ ആശയപ്രചാരണങ്ങളിൽ ആകൃഷ്ടനായ അബു യൂസഫ് തന്റെ ഗ്രാമത്തിൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി ആക്രമണം നടത്തുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയായിരുന്നു. ഇതിനായി സ്ഫോടകവസ്തുക്കൾ ശേഖരിക്കുകയും ഗ്രാമത്തിലെ ഒഴിഞ്ഞ ഇടങ്ങളിൽ സ്ഫോടനം നടത്തിയെന്നും ദില്ലി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

നാളുകളായി അബു യൂസഫ് ഭീകരപ്രവർത്തനങ്ങളിൽ സജീവമായിട്ടും ഇത് തിരിച്ചറിയാൻ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നാണ് കണ്ടെത്തൽ. ലോക്കൽ പൊലീസിലെ രഹസ്യന്വേഷണ വിഭാഗത്തിന് വീഴ്ച്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ഡിജിപി ബൽറാംപൂർ എസ്പി ദേവരഞ്ജൻ വെർമ്മയ്ക്ക് നിർദ്ദേശം നൽകിയത്.

ഡിജിപിയുടെ നിർദ്ദേശപ്രകാരം ഇവരെ സസ്പെൻഡ് ചെയ്തതായി ബൽറാംപൂർ പൊലീസ് അറിയിച്ചു. ഐഎസുമായി സമാന ആശയമുള്ളവരെ കണ്ടെത്തി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സ്ഫോടനത്തിന് അബു യൂസഫ് ശ്രമിച്ചതായി ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കർണാടക ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് അബു യൂസഫ്.