ടോക്യോ: ജപ്പാനിലെ ട്വിറ്റർ കില്ലർ എന്നറിയപ്പെടുന്ന അതിക്രൂരനായ കൊലയാളിക്ക് വധശിക്ഷ വിധിച്ച് കോടതി. ഓൺലൈനിലൂടെ പരിചയപ്പെട്ട ഒമ്പത് പേരെ കൊലപ്പെടുത്തിയതിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. 30 കാരനായ തക്കാഹിറോ ഷിരൈഷിക്കാണ് വധശിക്ഷ വിധിച്ചത്. ഇരകളെ കൊലപ്പെടുത്തുകയും അവരെ കഷ്ണങ്ങളായി വെട്ടിനുറുക്കുകയും ചെയ്തത് ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരെയാണ് ഇയാൾ തന്റെ കെണിയിലകപ്പെടുത്തി കൊന്ന് കശാപ്പുചെയ്തത്. 

സമൂഹമാധ്യമങ്ങളിലൂടെ ആത്മഹത്യാപ്രവണത പ്രകടിപ്പിച്ച 15നും 26നും ഇടയിൽ പ്രായമുള്ളവരെയാണ് കൊലപ്പെടുത്തിയതെന്നും അതിനാൽ ജയിശിക്ഷ നൽകിയാൽ മതിയെന്നും തക്കാഹിറോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചുവെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല.  കൊല്ലപ്പെട്ട ഒമ്പത് പേരിൽ ഒരാൾ പോലും നിശബ്ദമായെങ്കിലും കൊലപാതകത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒമ്പത് യുവാക്കളുടെ ജീവനെടുത്തത് അത്യന്തം അപലപനീയമാണെന്ന് വ്യക്തമാക്കിയ കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.