റാഞ്ചി: ഝാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ തബ്രെസ് അന്‍സാരിയുടെ മരണത്തില്‍ പൊലീസും ആദ്യം പരിശോധന നടത്തിയ ഡോക്ടറും കുറ്റക്കാരാണെന്ന് ബന്ധുക്കള്‍. മര്‍ദ്ദനമേറ്റ് അവശനായ തബ്രെസ് അന്‍സാരിയെ പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ഉടന്‍ ആശുപത്രയില്‍ എത്തിക്കാന്‍ ഇവര്‍ തയ്യാറായില്ല. യുവാവിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആദ്യം പരിശോധിച്ച ഡോക്ടറും പറഞ്ഞിരുന്നു.

തബ്രെസിനെ പരിശോധിച്ച ഡോക്ടര്‍ ഇയാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് തിരികെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പൊലീസിന്‍റെയും ഡോക്ടറുടെയും നടപടി മരണത്തിന് കാരണമായെന്നും അതിനാല്‍ തന്നെ ഇവരും കൊലപാതകത്തിന് ഉത്തരവാദികളാണെന്നും തബ്രെസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. 

ഝാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച തബ്രെസ് ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങി. പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രെസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ്  ഝാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.

സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ന്നപ്പോള്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.