കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോണ്‍സന്‍റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. ജോളി നല്‍കിയ 25 പവന്‍ സ്വർണം ജോണ്‍സണ്‍ പൊലീസില്‍ ഹാജരാക്കി. ജോളി പല തവണയായി പണയം വയ്ക്കാന്‍ നല്‍കിയ സ്വര്‍ണമാണിതെന്നാണ് ജോണ്‍സന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.

താമരശ്ശേരി ഫസ്റ്റ് ‍ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുക. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും മൊഴിയെടുപ്പ്.

ജോളിയുടെ അടുത്ത സുഹൃത്താണ് ജോണ്‍സണ്‍. ഇരുവരും നിരവധി ഇടങ്ങളില്‍ ഒരുമിച്ച് സഞ്ചരിച്ചതായും ഒന്നിച്ച് താമസിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വടകര കോസ്റ്റല്‍ സിഐ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ജോൺസന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയത്. കൊലപാതകങ്ങളെക്കുറിച്ച് ജോണ്‍സണ് അറിയാമായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

പണയം വയ്ക്കാനായി പല തവണ ജോളി സ്വർണാഭരണങ്ങള്‍ നല്‍കിയിരുന്നുവെന്ന് ജോണ്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ സ്വർണാഭരണങ്ങൾ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 25 പവന്‍ സ്വർണം വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ ഹാജരാക്കി. ജോളിയുടെ സ്വർണാഭരണങ്ങളാണോ ഇതെല്ലാമെന്ന പരിശോധനയിലാണ് അന്വേഷണ സംഘം. കൊല്ലപ്പെട്ട സിലിയുടെ സ്വർണം ഇക്കൂട്ടത്തിലുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സിലിയുടെ സ്വർണാഭരണങ്ങൾ മരണശേഷം കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണിത്.