Asianet News MalayalamAsianet News Malayalam

കൂടത്തായി കൊലപാതകം; സിലിയെ ഭ്രാന്തിയാക്കി ചിത്രീകരിക്കാൻ ജോളിയും ഷാജുവും ശ്രമിച്ചുവെന്ന് ബന്ധുക്കൾ

മാനസിക രോഗമുണ്ടെന്ന് വരുത്തി തീർത്ത് സാവധാനം വധിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 

JOLLY AND SHAJU CONSPIRED TO PICTURE SILI AS MENTALLY UNSTABLE
Author
Kozhikode, First Published Oct 25, 2019, 9:36 AM IST

കോഴിക്കോട്: സിലിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് അവരെ ഭ്രാന്തിയായി ചിത്രീകരിക്കാൻ ഭർത്താവ് ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായി സിലിയുടെ ബന്ധുക്കൾ. അപസ്മാരത്തിന് എന്ന പേരിൽ ഷാജു ചില പ്രത്യേക ഗുളികകൾ സിലിക്ക് നൽകിയിരുന്നുവെന്നും ജോളിയാണ് ഈ ഗുളികകൾ എത്തിച്ച് നൽകിയിരുന്നതെന്നും ബന്ധുക്കൾ മൊഴി നൽകി. 

സിലിയ്ക്ക് മാനസികരോഗമുണ്ടെന്നു വരുത്തിതീർത്ത് സാവധാനം വകവരുത്താൻ ജോളിയും ഷാജുവും ചേർന്ന് ഗൂഡാലോചന നടത്തിയതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. അപസ്മാരം മാറാനെന്ന പേരില്‍ ഷാജു എന്നും പ്രത്യേക ഗുളികകള്‍ സിലിക്ക് നിര്‍ബന്ധിച്ച് നല്‍കുമായിരുന്നു. അപസ്മാരമുണ്ടെന്ന് സിലിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത് നല്‍കിയിരുന്നത്. കൂണില്‍ നിന്നുണ്ടാക്കുന്ന ഗുളികയാണെന്ന് പറഞ്ഞ് ജോളിയാണ് ഈ ഗുളികകള്‍ ഷാജുവിന് എത്തിച്ച് നല്‍കിയിരുന്നത്.

കുറേക്കാലം കഴിച്ചപ്പോൾ സിലി ഈ മരുന്നിന് അടിമയായി. ഗുളിക കിട്ടിയില്ലെങ്കിൽ മാനസീക വിഭ്രാന്തി കാണിച്ചുതുടങ്ങി. അപ്പോഴാണ് സിലിയ്ക്ക് ഭ്രാന്തിന്‍റെ ലക്ഷണമാണെന്ന് ഷാജുവും ജോളിയും ബന്ധുവീടുകളിൽ പ്രചരിപ്പിച്ചത്. സിലിയെ ഭ്രാന്തിയാക്കാനുള്ള ശ്രമമായിരുന്നു ഗുളിക നല്‍കിയതിന് പിന്നിലെന്ന് ജോളി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഈ ഗുളിക വാങ്ങിയിരുന്ന കോഴിക്കോട് നഗരത്തിലെ സ്ഥാപനത്തില്‍ ജോളിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

സിലിയെ കൊല്ലാനായി ജോളി കഷായത്തിൽ സയനൈഡ് ചേർത്ത് നൽകിയെങ്കിലും അളവ് കുറവായതിനാൽ മരിച്ചില്ല. അന്ന് വായിൽനിന്ന് നുരയും പതയും വന്നിരുന്നു. ഇത് അപസ്മാര ലക്ഷണമായി ഷാജു ചിത്രീകരിക്കുകയായിരുന്നു. എന്നാൽ സിലിയ്ക്ക് ഒരിക്കൽപോലും അപസ്മാരം ഉണ്ടായിട്ടില്ലെന്ന് സഹോദരനടക്കം പറഞ്ഞെങ്കിലും ഷാജു പ്രചരണം തുടര്‍ന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

"

Follow Us:
Download App:
  • android
  • ios