മുന്‍ എംഎല്‍എ കെ എം ഷാജിയുടെ പരാതിയിലെ അന്വേഷണം നിലച്ചമട്ടിൽ. പ്രതിയായ തേജസിനെതിരെ കേസെടുക്കാതെ പൊലീസ് ഒതുക്കി തീർക്കുകയാണെന്നാണ് ഷാജിയുടെ ആരോപണം. അതേസമയം, തേജസിനെതിരെ തെളിവുകളില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം

കോഴിക്കോട്: മുംബൈ അധോലോകത്തിലുള്ള ചിലര്‍ക്ക് തന്നെ വധിക്കാനായി 25 ലക്ഷത്തിന്‍റെ ക്വട്ടേഷൻ പോയെന്ന മുന്‍ എംഎല്‍എ കെ എം ഷാജിയുടെ പരാതിയിലെ അന്വേഷണം നിലച്ചമട്ടിൽ. പ്രതിയായ തേജസിനെതിരെ കേസെടുക്കാതെ പൊലീസ് ഒതുക്കി തീർക്കുകയാണെന്നാണ് ഷാജിയുടെ ആരോപണം. അതേസമയം, തേജസിനെതിരെ തെളിവുകളില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. കഴിഞ്ഞ ഒക്ടോബറിലാണ് തന്നെ വധിക്കാൻ 25 ലക്ഷം രൂപയ്ക്ക് കൊലയാളി സംഘത്തിന് ക്വട്ടേഷൻ നൽകിയെന്ന് കെ എം ഷാജി പരാതിപ്പെട്ടത്.

ഇ-മെയിലേക്ക് വന്ന ഒരു ഫോൺ സംഭാഷണത്തിന്റെ ശബ്‍ദരേഖ തെളിവായി കാണിച്ചായിരുന്നു പരാതി നല്‍കിയിരുന്നത്. നാട്ടിൽ എപ്പോഴെത്തണമെന്നും എങ്ങനെ കൃത്യം നടപ്പാക്കി മടങ്ങണമെന്നുമൊക്കെ വിശദമായി സംസാരിക്കുന്നതാണ് ഈ ഫോൺ റെക്കോർഡിലുള്ളത്. കേസന്വേഷിച്ച വളപട്ടണം പൊലീസ് മുംബൈയിലെത്തി തേജസിനെ ചോദ്യം ചെയ്തു.

സുഹൃത്തുക്കൾക്ക് മുന്നിൽ ആളാവാൻ വേണ്ടി ചെയ്തതാണെന്നാണ് തേജസിന്‍റെ മൊഴി. പക്ഷേ ഫോണ്‍ സംഭാഷണത്തിലുളള മറ്റുള്ളവരെ കണ്ടെത്താൻ പൊലീസിനായില്ല. പരാതി നല്‍കിയ ശേഷം കേസിനെ സംബന്ധിച്ച് ഒരു കാര്യവും പൊലീസ് തന്നെ അറിയിച്ചില്ലെന്ന് ഷാജി ആരോപിച്ചു. വധഭീഷണി സന്ദേശം ഗൗരവമുള്ളതല്ല എന്ന അനുമാനത്തിലാണ് പൊലീസ്. ഇക്കാര്യം കാട്ടി കോടതിയിൽ റിപ്പോ‌ർട്ട് നൽകാനാണ് ആലോചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona