കൊല്ലം: കൊല്ലം കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാരെന്ന് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. സംഘടനയില്‍ നിന്ന് വിട്ട് പോയതിന്‍റെ പേരിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് തെളിഞ്ഞിരിക്കുന്നത്. ജയന്‍ വധക്കേസില്‍ നേരത്തെ ഒന്‍പത് പ്രതികളും കുറ്റക്കാരാണെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും വാദം കേട്ടത്. അഞ്ച് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒന്‍പത് പേരും വീണ്ടും കുറ്റക്കാരാണന്ന് കണ്ടെത്തിയത്.

വെള്ളിയാഴ്ച ശിക്ഷ വിധിക്കും. പ്രതികളെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 2012 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർഎസ്എസ് വിട്ട് പോയതിന്‍റെ വൈരാഗ്യത്തിലാണ് പട്ടാപകല്‍ ജയനെ കടവൂരില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയത്. പ്രതികള്‍ എല്ലാം ആർഎസ്എസ് പ്രവര്‍ത്തകരാണ്. കൊവിഡ് പ്രോട്ടോകാള്‍ അനുസരിച്ച് പ്രതികളുടെ അസാന്നിധ്യത്തിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേട്ടത്.